രാഷ്ട്രീയ കോളിളങ്ങള്‍ക്കിടയിലും അടിപതറാതെ നിന്ന ഉമ്മന്‍ചാണ്ടി എന്ന അതികായന്‍

രാഷ്ട്രീയ കേരളത്തിന്റെ കളത്തില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നിറഞ്ഞുനിന്ന നേതാവ്. ഏത് രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കിടയിലും അടിപതറാതെ നിന്ന ഉമ്മന്‍ചാണ്ടി രാഷ്ട്രീയതന്ത്രങ്ങളിലൂടെത്തന്നെയാണ് പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും എതിരാളികളെ ഒതുക്കിയതും ഒപ്പം നില്‍ക്കുന്നവരെ കൈപിടിച്ചുയര്‍ത്തിയതും. രാഷ്ട്രീയത്തില്‍ മുന്നേറാന്‍ കിട്ടിയ ഒരു അവസരവും ഉമ്മന്‍ചാണ്ടി പാഴാക്കിയില്ല. തിരിച്ചടി നേരിട്ടപ്പോഴാകട്ടെ തന്ത്രപൂര്‍വം ഒതുങ്ങിനിന്ന് അടുത്ത അവസരത്തിനായി കാത്തുനിന്നു.

ഉറച്ച ജനപിന്തുണയാണ് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ എന്നും അനിഷേധ്യനായി നിലനിര്‍ത്തിയ ഘടകം. പലതവണ വിവാദങ്ങളിലകപ്പെട്ടപ്പോഴും മുന്നില്‍ നിന്ന് എല്ലാത്തിനെയും നേരിട്ട ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയതന്ത്രങ്ങളുടെ മൂര്‍ച്ചയ്ക്ക് അവസാന ഘട്ടം വരെയും ഒരു കുറവും സംഭവിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

1994ല്‍ ചാരക്കേസ് ഉയര്‍ന്നുവന്നപ്പോള്‍ കെ. കരുണാകരനെന്ന വമ്പന്റെ കൊമ്പ് ഇനിയൊരിക്കലും നിവര്‍ത്താനാകാത്ത വിധം മണ്ണിലാഴ്ത്തിയതിന് ചുക്കാന്‍ പിടിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. കോണ്‍ഗ്രസിന്റെ രാജ്യത്തെത്തന്നെ പ്രമുഖനും ശക്തനുമായ നേതാവായിരുന്ന കരുണാകരന്‍ അധികാരത്തില്‍ നിന്ന് അടിതെറ്റി വീണപ്പോള്‍ അതിന്റെ മുഖ്യകാര്‍മികന്‍ ഉമ്മന്‍ചാണ്ടിയായിരുന്നു. അന്ന് ഹൈക്കമാന്റിനോടുവരെ പോരടിച്ച് കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് താഴെയിറക്കിയപ്പോള്‍ കണ്ടത് ഉമ്മന്‍ചാണ്ടിയിലെ രാഷ്ട്രീയ ചാണക്യന്റെ മുഖമായിരുന്നു. അങ്ങനെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ നായകസ്ഥാനങ്ങളിലൊന്നില്‍ ദശകങ്ങളോളം ഉമ്മന്‍ചാണ്ടി നിറഞ്ഞുനിന്നു.

2011ല്‍ വെറും 72 അംഗങ്ങളുടെ ബലത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ മുന്നണി രാഷ്ട്രീയത്തിലെ എല്ലാം തികഞ്ഞ ഒരു കളരിയഭ്യാസിയെയും ഉമ്മന്‍ചാണ്ടിയില്‍ കണ്ടു. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാന ആവശ്യവും രമേശ് ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനം നല്‍കണമെന്ന എന്‍എസ്എസ്സിന്റെ ആവശ്യവും അതിവിദഗ്ധമായി തന്നെ ഉമ്മന്‍ചാണ്ടി മറികടന്നു. വലിയ വിവാദങ്ങളുയര്‍ത്തിയ സോളാര്‍ കോഴക്കേസിലും പിന്നാലെ വന്ന ബാര്‍ കോഴ കേസിലുമൊക്കെ ഉമ്മന്‍ചാണ്ടി എന്ന കുശാഗ്രബുദ്ധിയുടെ മെയ് വഴക്കം മന്ത്രിസഭയെ പിടിച്ചുനിര്‍ത്തി. ഭരണപക്ഷത്തിലെ പ്രതിപക്ഷമായി മാറിയ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെ ബാര്‍ വിഷയത്തില്‍ മലര്‍ത്തിയടിച്ചതും അന്ന് കേരളം കണ്ടു. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചുപൂട്ടിയായിരുന്നു ഉമ്മന്‍ചാണ്ടി സുധീരന് മറുപടി നല്‍കിയത്.

എന്നും നായകസ്ഥാനത്തായിരുന്ന ഉമ്മന്‍ചാണ്ടി പക്ഷെ സോളാര്‍ വിവാദത്തില്‍ പ്രതിനായകന്റെ വേഷമണിഞ്ഞു. ഒരു മന്ത്രിസഭ ഒന്നടങ്കം പ്രതിരോധത്തിലായ അന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ 14 മണിക്കൂര്‍ മൊഴി നല്‍കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കേരളം കണ്ടു. ഒടുവില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതും പ്രതിപക്ഷ നേതാവാകാതെ മാറിനിന്നതും ചരിത്രം…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →