കൊല്ലം∙ ഉദ്ഘാടനത്തിനു നിലവിളിക്കു കൊളുത്താൻ വിശ്വാസത്തിന്റെ പേരിൽ തയാറാകാതിരുന്ന സിഡിഎസ് ചെയർപേഴ്സനെ അതേവേദിയിൽ വച്ച് ഉപദേശിച്ച് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. 2023 ജൂലൈ 15 ശനിയാഴ്ച കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷ വേദിയിലായിരുന്നു സംഭവം.
അടുത്തതവണ വിളക്കു കൊളുത്തണമെന്നും സിഡിഎസ് ചെയർപേഴ്സനോട് ഗണേഷ് കുമാർ തമാശരൂപേണ ആവശ്യപ്പെട്ടു. ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ ആരും ആരും പോകരുതെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.
‘ഇവിടെ വന്നപ്പോൾ ഒരു തമാശ കണ്ടു. സിഡിഎസ് ചെയർപേഴ്സനോടു വിളക്കു കത്തിക്കാൻ പറഞ്ഞു. ജന്മം ചെയ്താൽ കത്തിക്കുന്നില്ല. കാരണം പാസ്റ്റർ കത്തിക്കരുതെന്നു പറഞ്ഞു. ദിവസവും ബൈബിൾ വായിക്കുന്ന ആളാണു ഞാൻ. ആരാണോ നിങ്ങളോടു വിളിക്കുകത്തിക്കരുതെന്നു പറഞ്ഞത് ആ ആളിന് ഒരു കള്ളത്തരമുണ്ടെന്നേ ഞാൻ പറയു. ഒരുപാടു പള്ളികളിലെ അച്ചന്മാരെ അറിയാം. വൈദികരും ബിഷപ്പുമാരുമൊക്കെ വിളക്കു കത്തിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ഒരു മനോഹരമായ കാഴ്ച കണ്ടു. മലബാറിലെ ഒരു അമ്പലത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നതു പാണക്കാട് തങ്ങളാണ്. പരിപാടി കഴിഞ്ഞ് സ്റ്റേജിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന് അമ്പലത്തിൽ നിന്ന് ഒരു ഉണ്ണിയപ്പം കൊടുത്തു. അദ്ദേഹം ആ ഉണ്ണിയപ്പം രുചിയോടെ കഴിക്കുകയാണ്. ഹിന്ദുക്കളുടെ ഉണ്ണിയപ്പമാണ്,തിന്നണ്ട, തിന്നാൽ അള്ളാഹു പിണങ്ങുമോയെന്ന് അദ്ദേഹം ചിന്തിച്ചില്ല.
കുടുംബശ്രീയിൽ പറയുന്നുണ്ട് അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള കൂട്ടായ്മയെന്ന്. ജ്യോത്സന്മാരെ കണ്ടു മന്ത്രവാദത്തിനു കുറിച്ചുവാങ്ങുന്ന മണ്ടികളായി നിങ്ങൾ മാറരുത്. ജാതകം നോക്കി ആദ്യമൊന്നു കല്യാണം കഴിച്ചു.‘16ൽ 18’ പൊരുത്തമായിരുന്നു. എന്നിട്ട് എവിടെപ്പോയി, രണ്ടാമതും കല്യാണം കഴിച്ചു, ജാതകമേ നോക്കിയില്ല. ഒരു കുഴപ്പവുമില്ല. ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ പോകരുത്.’’ഗണേശ്കുമാർ പറഞ്ഞു