വർക്കല: വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ഭർത്താവിൻറെ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. വർക്കല കളത്തറ സ്വദേശി ലീനാമണിയാണ് വീട്ടിൽ കൊല്ലപ്പെട്ടത്. അതേസമയം, കോടതി ഇവർക്ക് സംരക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടും പൊലീസിൻറെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി.2023 ജൂലൈ 16 ഞായറാഴ്ച രാവിലെ 10 മണിയോടെയാണ ്സംഭവം നടന്നത്.
ലീനാമണിയുടെ ഭർത്താവ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. അതിന് ശേഷം ഭർത്താവിൻറെ ബന്ധുക്കൾ സ്വത്ത് ആവശ്യപ്പെട്ട് ലീനാമണിയുമായി വലിയ തർക്കത്തിലായിരുന്നു. തർക്കത്തിനിടെ ഭർത്താവിൻറെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹസിൻ എന്നിവർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.
40 ദിവസം മുമ്പ് ഭർത്താവിൻറെ ഇളയസഹോദരനായ അഹദ് കുടുംബത്തിനൊപ്പം ലീനാമണിയുടെ വീട്ടിൽ താമസിക്കാനെത്തിയിരുന്നു. അന്ന് മുതലാണ് ഭിന്നത രൂക്ഷമായത്. ഇതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലയിലേക്കെത്തിച്ചത്. അതേസമയം കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് വേണ്ട സംരക്ഷണം നൽകിയില്ലെന്നാണ് ലീനാമണിയുടെ ബന്ധുക്കളുടെ പരാതി.

