കുനോ ദേശീയോദ്യാനത്തിലെ തേജസ് എന്ന ആൺചീറ്റ ചത്തു

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ച ചീറ്റകളിലൊന്നുകൂടി ചത്തു. തേജസ് എന്ന് പേരുള്ള ആൺചീറ്റ 2023 ജൂലൈ 11 ചൊവ്വാഴ്ചയാണ് ചത്തത്. ചൊവ്വാഴ്ച രാവിലെ കഴുത്തിന് പരിക്കേറ്റ നിലയിലാണ് തേജസിനെ കണ്ടെത്തിയത്. തുടർന്ന് വെറ്ററിനറി ഡോക്ടർമാരെ അധികൃതർ വിവരമറിയിച്ചുവെങ്കിലും ഉച്ചയോടെ ജീവൻ നഷ്ടപ്പെട്ടു. ചീറ്റയുടെ കഴുത്തിന് സാരമായ പരിക്കേറ്റ നിലയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ.

ഏതാനും മാസങ്ങൾക്കിടെ കൂനോയിൽ ചാകുന്ന ഏഴാമത്തെ ചീറ്റയാണ് തേജസ്. സാഷ, ഉദയ് തുടങ്ങിയ ചീറ്റകൾ അസുഖബാധിതരായി ചത്തപ്പോൾ ഇണചേരലിനിടെയാണ് ദക്ഷ എന്ന പെൺചീറ്റ ചാകുന്നത്. ജ്വാല എന്ന പെൺചീറ്റയ്ക്ക് ജനിച്ച നാല് കുഞ്ഞുങ്ങളിൽ മൂന്നെണ്ണവും ചത്തിരുന്നു. ഇതോടെയാണ് കുനോ ദേശീയോദ്യാനത്തിൽ ചത്തൊടുങ്ങിയ ചീറ്റകളുടെ എണ്ണം ഏഴായി ഉയർന്നത്.

ചീറ്റകളുടെ മരണ സംഖ്യ ഉയരുന്നത് വിവിധ കോണുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കുന്നുണ്ട്. രണ്ട് ബാച്ചുകളിലായി 20-ഓളം ചീറ്റകൾ രാജ്യത്ത് എത്തിയിരുന്നു. ആദ്യ ബാച്ചിൽ എട്ടും രണ്ടാം ബാച്ചിൽ 12 ചീറ്റകളുമാണെത്തിയത്. ഇന്ത്യയിൽ വംശനാശം സംഭവിച്ച് 70 വർഷങ്ങൾക്ക് ശേഷമാണ് ചീറ്റകൾ വീണ്ടുമെത്തിയത്. ഇതിനായി പ്രൊജ്ക്ട് ചീറ്റ എന്നൊരു പദ്ധതിക്ക് കൂടി കേന്ദ്രം രൂപം നൽകിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം