കൊച്ചി: പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും കോട്ടയം തിരുവാർപ്പിൽ ബസ്സുടമയെ പോലീസ് സാന്നിധ്യത്തിൽ സി.ഐ.ടി.യു. നേതാവ് മർദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ‘ആ അടി ബസ്സുടമയുടെ കരണത്തല്ല ഹൈക്കോടതിയുടെ മുഖത്താണേറ്റതെന്ന്’ ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു. ബസ്സുടമ രാജ്മോഹനെ സി.ഐ.ടി.യു. നേതാവ് മർദിച്ച സംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ പരിഗണനാ വേളയിലാണ് ഹൈക്കോടതിയുടെ പരാമർശം .
ഹൈക്കോടതി പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടാലും ശക്തരായ വ്യക്തികൾക്ക് എന്തും ചെയ്യാനാകുമെന്ന സന്ദേശമാണ് അത് നൽകിയത്. പോലീസിന്റെ ഭാഗത്തുനിന്ന് കരുതിക്കൂട്ടിയുള്ള വീഴ്ചയാണ് ഉണ്ടായത്. ഒന്ന് തല്ലിക്കോ എന്ന സമീപനം പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായി. ലേബർ ഓഫീസിലും കോടതിയിലും പരാജയപ്പെടുമ്പോൾ എല്ലാ തൊഴിലാളി യൂണിയനുകളും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും സിംഗിൾബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു..
ബസ്സുടമ രാജ്മോഹനെ സി.ഐ.ടി.യു. നേതാവ് മർദിച്ച സംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് പരിഗണിച്ചത്. കേസിൽ വിശദീകരണത്തിന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി.ഡിവൈ.എസ്.പി.യെ അന്വേഷണത്തിന് നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി വിശദീകരിച്ചു. അന്വേഷണവിവരങ്ങൾ ഉൾപ്പെടുത്തി വിശദ സത്യവാങ്മൂലം സമർപ്പിക്കാൻ ഡിവൈ.എസ്.പിയോട് കോടതി നിർദേശിച്ചു.
2023 ജൂലായ് 18-ന് വീണ്ടും വിഷയം പരിഗണിക്കും. അന്ന് ഡിവൈ.എസ്.പി.യും സ്റ്റേഷൻ ഹൗസ് ഓഫീസറും കോടതിയിൽ ഹാജരാകണം. കേരള ഹൈക്കോടതി സംരക്ഷണംനൽകിയാലും തല്ലുമെന്നത് ധാർഷ്‌ട്യമാണെന്നും കോടതി പറഞ്ഞു. അതിനായി സൃഷ്ടിച്ച നാടകമായിരുന്നുയെല്ലാം. ഇത്തരമൊരു സംഭവം തടയാൻ പോലീസിന് കഴിയണമായിരുന്നു..കോടതിയിൽപ്പോയാൽ രക്ഷയില്ല നേതാക്കളുടെ അടുത്തെത്തി കാര്യങ്ങൾ ഒത്തുതീർപ്പാക്കുകയാണ് വേണ്ടതെന്ന സന്ദേശം നൽകാനാണ് ശ്രമിച്ചത് -കോടതി പറഞ്ഞു.

