ഭക്ഷ്യവസ്തുക്കൾക്ക് ഇരട്ടി വില, മരുന്നുകൾ കിട്ടാനില്ല; കലാപത്തിൽ വലഞ്ഞ് മണിപ്പൂർ ജനതഡയാലിസിസിനും ശസ്ത്രക്രിയകൾക്കും മറ്റും വേണ്ടത്ര ഡോക്റ്റർമാർ നിലവിൽ ഇല്ല. ക്യാൻസർ, ആന്‍റി എയ്ഡ്സ് മരുന്നുകൾ ഏതാണ്ട് തീർന്നിരിക്കുകയാണ്.

ചുരാചന്ദ്പുർ: സംഘർഷം രൂക്ഷമായതോടെ മാസങ്ങളോളമായി വേണ്ടത്ര മരുന്നും ഭക്ഷ്യ വസ്തുക്കളും ചികിത്സയും പോലുമില്ലാതെ വലയുകയാണ് മണിപ്പൂരിലെ മലയോരമേഖലയിലുള്ളവർ. ഡയാലിസിസ്, ക്യാൻസർ ചികിത്സകൾ മുടങ്ങിയതോടെ രോഗികളെ രക്ഷിക്കാൻ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് ചുരാചന്ദ്പുരിലെ ഡോക്റ്റർമാർ.

കുകി, മെയ്തേ വിഭാഗങ്ങൾ ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടഞ്ഞതോടെയാണ് ഇംഫാൽ താഴ്‌വരയിലുള്ളവർ ദുരിതത്തിലായത്. ഇംഫാൽ താഴ്‌വരയിലുള്ളവരുടെ പ്രധാന പാതയാണ് എൻഎച്ച് 2. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് കുകി വിഭാഗം അവർ സ്ഥാപിച്ചിരുന്ന തടസ്സങ്ങൾ നീക്കിയെങ്കിലും മെയ്തേ വിഭാഗം ഇപ്പോഴും പുറകോട്ടു പോകാൻ തയാറായിട്ടില്ല.

ചുരാചന്ദ് പുരിലേക്കു യാതൊരു വിധത്തിലുള്ള വസ്തുക്കളും എത്താതിരിക്കാൻ മെയ്തേ വിഭാഗം ശ്രദ്ധ പുലർ‌ത്തുന്നുണ്ട്. അതോടെ അവശ്യ വസ്തുക്കൾക്ക് പോലും ഇരട്ടി വില നൽകേണ്ട അവസ്ഥയിലാണ് താഴ്‌വരയിലുള്ളവർ. അസം റൈഫിൾസ് വീടുകളിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്ത്രീകൾ അടക്കമുള്ളവർ സൈനികരെ തടയുന്നത് പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുകയാണ്. സൈനികർ വാഹനങ്ങളിൽ വിമത സായുധ സംഘങ്ങളെയും കടത്തുന്നുണ്ടെന്നാണ് കുകി, മെയ്തേ വിഭാഗങ്ങൾ ആരോപിക്കുന്നത്.

ദേശീയ പാത വഴി കുകി വിഭാഗം ആയുധങ്ങൾ കടത്തുന്നുവെന്നാരോപിച്ചാണ് മെയ്തേ വിഭാഗം റോഡ് ഉപരോധിക്കുന്നത്.

ചുരാചന്ദ്പുരിൽ നാല് ലക്ഷത്തോളം പേരാണ് താമസിച്ചിരുന്നത്. കലാപം ആളിപ്പടർന്നതോടെ പതിനായിരത്തോളം പേർ ജില്ലയിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടി.

ഡയാലിസിസിനും ശസ്ത്രക്രിയകൾക്കും മറ്റും വേണ്ടത്ര ഡോക്റ്റർമാർ നിലവിൽ ജില്ലയിൽ ഇല്ല. ക്യാൻസർ, ആന്‍റി എയ്ഡ്സ് മരുന്നുകൾ ഏതാണ്ട് തീർന്നിരിക്കുകയാണ്. കൂടുതൽ ശസ്ത്രക്രിയാ വിദഗ്ധന്മാരെയും മുതിർന്ന ഡോക്റ്റർമാരെയും അത്യാവശ്യമാണെന്ന് ചുരാചന്ദ്പുർ മെഡിക്കൽ സൂപ്രണ്ടന്‍റ് ഡോ. ടിങ്ക്ലോൺ‌ലി പറയുന്നു. സംസ്ഥാനത്ത് വെടിവയ്പ്പ് നിത്യ സംഭവമായിക്കൊണ്ടിരിക്കുകയാണ്. വെടിയുണ്ടകൾ തുളഞ്ഞു കയറിയും രക്തം വാർന്നും നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനെ ജില്ലയിലേക്കയക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കലാപം തുടങ്ങിയതു മുതൽ കഴിഞ്ഞ ശനിയാഴ്ച വരെയും 288 പേരെയാണ് വെടിയുണ്ടയേറ്റ് ആശുപത്രിയിലെത്തിച്ചത്. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള രോഗികളെ അവരുടെ ബന്ധുക്കൾ ഐസ്വാളിലേക്ക് മാറ്റിക്കഴിഞ്ഞു. എന്നാൽ ദരിദ്രരായ രോഗികൾ ചുരാചന്ദ്പുരിൽ തുടരുകയല്ലാതെ മറ്റു മാർഗമില്ല. അമിത് ഷായുടെ സന്ദർശനത്തിനു ശേഷം മണിപ്പൂരിലേക്ക് കേന്ദ്രം ഡോക്റ്റർമാരുടെ ആറു സംഘത്തെ അയച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →