മുംബൈ: ചില കോൺഗ്രസ് നേതാക്കൾ ബിജെപി നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ ഇപ്പോൾ അതിനെക്കുറിച്ചു കൂടുതൽ പറയുന്നില്ലെന്നും മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ. ഞായറാഴ്ച്ച ഒരു പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം. എന്നാൽ, അവരെ ഇന്ന് പാർട്ടിയിൽ ഉൾപ്പെടുത്തിയാൽ അവർക്ക് ചേരുന്ന ഒഴിവുകൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
“നിരവധി നേതാക്കൾ തങ്ങളുമായി ബന്ധത്തിലാണെന്നും ഏകനാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ തുടങ്ങിയ നേതാക്കൾ ഉചിതമായ സമയത്ത് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കും’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ കീഴിലുള്ള മന്ത്രിസഭയിൽ നിലവിൽ 29 മന്ത്രിമാരാണുള്ളത്, അതിൽ ഒമ്പത് മന്ത്രിമാരും ഇതുവരെ ഒരു വകുപ്പും ലഭിച്ചിട്ടില്ല. കാബിനറ്റ് വലുപ്പത്തിന്‍റെ പരമാവധി പരിധി 43 ആണ്. അതായത് 14 മന്ത്രിമാരെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്താം. ഒഴിവുള്ള എല്ലാ തസ്തികകളും ഇപ്പോൾ ഒറ്റയടിക്ക് നികത്താൻ സാധ്യതയില്ലെന്ന ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, എല്ലാ ഒഴിവുകളും ഉടൻ നികത്തുമെന്ന് മഹാജന്‍റെ പ്രസ്താവന സൂചിപ്പിക്കുന്നു.
കൂടാതെ,നിലവിലെ മന്ത്രിമാരിൽ ചിലർ പുറത്താകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം അഞ്ച് ശിവസേന മന്ത്രിമാരെ പുറത്താക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു, അതേസമയം വിപുലീകരണത്തിലും പുനഃസംഘടനയിലും രണ്ട് ബിജെപി മന്ത്രിമാരെങ്കിലും ഒഴിവാക്കപ്പെടുമെന്ന് കഴിഞ്ഞ രണ്ടാഴ്ചയായി പറയപ്പെടുന്നു. ചിലരെ ഒഴിവാക്കാനാണ് നേതൃത്വം തീർച്ചയായും ആലോചിക്കുന്നതെന്ന് മഹാജൻ ഇപ്പോൾ വ്യക്തമായി സൂചിപ്പിച്ചതിനാൽ, ഏത് പാർട്ടിക്കാണ് ഏറ്റവും കൂടുതൽ തിരിച്ചടി ലഭിക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

