മന്ത്രിയെ സ്വീകരിക്കാൻ സ്കൂൾ കുട്ടികളെ റോഡിൽ നിർത്തി ; മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന

മഹാരാഷ്ട്രയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത എൻസിപി മന്ത്രിയുടെ വാഹനവ്യൂഹത്തെ സ്വാഗതം ചെയ്യാൻ റോഡരികിൽ നിൽക്കുന്ന സ്കൂൾ കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അജിത് പവാർ വിഭാഗത്തിൽ നിന്നുള്ള പുതിയ ക്യാബിനറ്റ് മന്ത്രി അനിൽ പാട്ടീലിനെ സല്യൂട്ട് ചെയ്ത് സ്വീകരിക്കാൻ പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്കായുള്ള റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികളെയാണ് റോഡിൽ നിരത്തി നിർത്തിയത്.

ജൽഗാവ് ജില്ലയിലെ അമൽനറിലാണ് സംഭവം. എൻസിപി ക്വാട്ടയിൽ നിന്ന് മന്ത്രിയായ അനിൽ പാട്ടീൽ വാഹനവ്യൂഹവുമായി വടക്കൻ മഹാരാഷ്ട്രയിലെ നിയമസഭാ മണ്ഡലത്തിൽ എത്തിയിരുന്നു. അനിൽ പാട്ടീലിന്റെ വരവും കാത്ത് റോഡരികിൽ നിൽക്കുന്ന കുട്ടികളെ വീഡിയോയിൽ കാണാം. റോഡിന്റെ ഒരു വശത്ത് പെൺകുട്ടികളും മറുവശത്ത് ആൺകുട്ടികളും വരിവരിയായി നിൽക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ പാദരക്ഷകളില്ലാതെയാണ് ചിലരുടെ നിൽപ്പ്.

കാത്തുനിന്ന് തളർന്നതോടെ നിരവധി കുട്ടികൾ റോഡിൽ ഇരിപ്പായി. ഒടുവിൽ മന്ത്രിയുടെ വാഹനം വന്നയുടൻ കുട്ടികൾ എഴുന്നേറ്റ് നിൽക്കുന്നതും, അനിൽ പാട്ടീലിനെ സല്യൂട്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തം. ഈ സ്വീകരണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംസ്ഥാന സർക്കാരിനും മന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (ഉദ്ധവ് വിഭാഗം) രംഗത്തെത്തി. സ്‌കൂൾ കുട്ടികളെ ഉപയോഗിച്ചുള്ള സ്വീകരണം മന്ത്രി അവസാനിപ്പിക്കണമെന്ന് ഉദ്ധവ് വിഭാഗം വക്താവ് ആനന്ദ് ദുബെ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ എപ്പോൾ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.അതേസമയം, സ്വീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മന്ത്രിയോ പ്രാദേശിക ഭരണകൂടമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →