ജയ്പുർ: പെട്രോൾ വില ലിറ്ററിന് 15 രൂപയായി കുറയ്ക്കാൻ സാധിക്കുന്നതിനുള്ള നിർദേശം മുന്നോട്ടുവെച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും വാഹനങ്ങളിൽ ഉപയോഗിക്കാൻ ആരംഭിച്ചാൽ പെട്രോൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകർ അന്നദാതാക്കൾ മാത്രമല്ല, ഊർജ്ജ ദാതാക്കൾ കൂടിയായിത്തീരുക എന്നതാണ് നമ്മുടെ സർക്കാരിന്റെ കാഴ്ചപ്പാട്. എല്ലാ വാഹനങ്ങളും കർഷകർ ഉണ്ടാക്കുന്ന എഥനോളിൽ പ്രവർത്തിപ്പിക്കുക എന്നതാണ് ലക്ഷ്യം. വാഹനങ്ങളിൽ 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിച്ചാൽ പെട്രോൾ ലിറ്ററിന് 15 രൂപയ്ക്ക് ലഭ്യമാകും. ജനങ്ങൾക്ക് അതിന്റെ നേട്ടം ലഭിക്കും’, നിതിൻ ഗഡ്കരി പറഞ്ഞു.
എഥനോളിന്റേയും വൈദ്യുതിയുടേയും ഉപയോഗം മലിനീകരണം കുറയ്ക്കും. എണ്ണ ഇറക്കുമതിയിൽ കുറവുവരുത്താനും സാധിക്കും. ഇറക്കുമതിക്കായി ചെലവാക്കുന്ന 16 ലക്ഷം കോടി രൂപ കർഷകർക്ക് ലഭ്യമാക്കുന്നതിലേക്ക് വകമാറ്റാനും ഇത് സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ……

