കുവൈത്ത് സിറ്റി: വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയുള്ള അനാശാസ്യ പ്രവർത്തനങ്ങളുടെ പേരിൽ 15 പ്രവാസികളെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധവും സദാചാര വിരുദ്ധവുമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തടയാനും ലക്ഷ്യമിട്ട് രാജ്യത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് നടത്തിവരുന്ന പരിശോധനകളിലാണ് ഇവർ പിടിയിലായതെന്ന് ഔദ്യോഗിക പ്രസ്താവന പറയുന്നു.
വിവിധ രാജ്യക്കാരായ സ്‍ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. എന്നാൽ ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. പിടിയിലായ പ്രവാസികൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ ഒന്നിലധികം അക്കൗണ്ടുകൾ തുറക്കുകയും അതിലൂടെ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‍തുവെന്നന്ന് അധികൃതർ അറിയിച്ചു. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്‍തു.
അതേസമയം കുവൈത്തിൽ തൊഴിൽ, താാമസ നിയമലംഘകരായ പ്രവാസികൾക്കായി നടത്തിവരുന്ന പരിശോധനകൾ തുടരുന്നു. മാൻപവർ പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തിൽ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ ജൂൺ മാസം നടന്ന പരിശോധനകളിൽ ആകെ 922 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. തുടർ നടപടികൾ പൂർത്തിയാക്കി ഇവരെ രാജ്യത്തു നിന്ന് നാടുകടത്താനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്

