കൊച്ചി: സംസ്ഥാന ബിജെപി പുനഃസംഘടനയെക്കുറിച്ചും കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും തനിക്കറിയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളമടക്കം 6 സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അധ്യക്ഷൻമാരെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് ഊഹാപോഹങ്ങൾ പുറത്തു വന്നിരുന്നു.
കേരളത്തിൽ കെ.സുരേന്ദ്രനെ സ്ഥാനത്തു നിന്നും മാറ്റി ബിജെപി അധ്യക്ഷസ്ഥാനം മുരളീധരനു നൽകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അധ്യക്ഷ സ്ഥാനം മുരളീധരനു കൈമാറിയ ശേഷം കേരളത്തിൽ നിന്നും രാജ്യ സഭയിലേക്ക് സുരേഷ്ഗോപിയെ തെരഞ്ഞെടുത്ത് കേന്ദ്രമന്ത്രിയാക്കാനാണ് ബിജെപി നീക്കം. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി പുതിയതായി ഏത് സ്ഥാനമാണ് നൽകുക എന്ന കാര്യത്തിൽ വ്യക്തതയില്ല.
ലേക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനങ്ങളിൽ കേന്ദ്രമന്ത്രിമാർക്ക് ചുമതല നൽകുകയാണ് സർക്കാർ. ചൊവ്വാഴ്ച്ച 4 സംസ്ഥാനങ്ങളിൽ ബിജെപി അധ്യക്ഷന്മാരെ മാറ്റിയിരുന്നു. ജൂലൈ 24 ഓടെ 10 സംസ്ഥാനങ്ങളിലെ രാജ്യസഭാ അംഗങ്ങളുടെ കാലാവധി അവസാനിക്കുകയാണ്. ഇതിനെ തുടർന്ന് സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിക്കുകയും തൃശൂരിൽ മത്സരിപ്പിക്കാനുമാണ് ബിജെപി ലക്ഷ്യം.

