ബിജെപി-എൻസിപി ബന്ധത്തിൽ അസ്വസ്ഥതയെന്ന് ഷിൻഡെ വിഭാഗം നേതാവ് ഷിർസാത്
എന്നും എൻസിപിക്ക് എതിരായിരുന്നു, ഇന്നും ശരദ് പവാറിന് എതിരാണെന്നും ഷിർസാത്

മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നാടകങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഏകനാഥ് ഷിൻഡെ വിഭാഗം നേതാവ് സഞ്ജയ് ഷിർസാത്. എൻസിപിയും അജിത് പവാറും ബിജെപിയോടൊപ്പം കൈകോർത്തതിൽ പാർട്ടി നേതാക്കൾ അസ്വസ്ഥരാണെന്ന് ഷിർസാത് പറഞ്ഞു.

എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ രൂക്ഷമായി വിമർശിച്ച ഷിർസാത്, ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോൾ പവാർ പല കാര്യങ്ങൾക്കും താക്കറെയെ ഉപയോഗിക്കുകയായിരുന്നുവെന്നും ആരോപിച്ചു.

രാഷ്ട്രീയത്തിൽ എതിരാളികൾ തങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ കൂടെ കൂട്ടണം. അതാണ് ബിജെപി ചെയ്തത്. അതിൽ തെറ്റ് പറയാൻ കഴിയില്ല. എൻസിപി ഞങ്ങളോടൊപ്പം ചേർന്നതിന് ശേഷം ഞങ്ങളിൽ പലരും അസ്വസ്ഥരാണെന്നത് സത്യമാണ്. ഞങ്ങളുടെ നേതാക്കൾക്ക് അവർ ആഗ്രഹിച്ച സ്ഥാനം ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്, അവരാണ് ഈ പ്രശ്നം പരിഹരിക്കേണ്ടത്. ഞങ്ങൾ എന്നും എൻസിപിക്ക് എതിരായിരുന്നു, ഇന്നും ഞങ്ങൾ ശരദ് പവാറിന് എതിരാണെന്നും ഷിർസാത് കൂട്ടിച്ചേർത്തു.

ഉദ്ധവ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ എൻസിപിയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നതെന്നും തങ്ങളെ ഒന്നും ചെയ്യാൻ അനുവദിച്ചിരുന്നില്ലെന്നും ആരോപിച്ച ഷിർസാത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഇനി ആലോചിച്ചു തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →