ഗാന്ധിനഗർ: കാമുകനുമൊത്ത് ജീവിക്കാൻ രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. സൂറത്തിലെ ഡിൻഡോലിയിൽ നിർമാണത്തൊഴിലാളിയായ നയന മാണ്ഡവിയാണ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെടുകയും തെറ്റായ വിവരം നൽകി പോലീസ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്ത പ്രതി, കുറ്റകൃത്യം മറയ്ക്കാൻ ‘ദൃശ്യം’ സിനിമ പലതവണ കണ്ടതായും പോലീസ് വ്യക്തമാക്കി.
കൻ വീർ മാണ്ഡവിയെ കാണാനില്ലെന്ന പരാതിയുമായാണ് നയന മാണ്ഡവി പോലീസ് സ്‌റ്റേഷനിലെത്തിയത്. നയന ജോലിചെയ്യുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് കുഞ്ഞ് ആ സ്ഥലത്തുനിന്ന് പുറത്തുപോയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കുട്ടിയെ കണ്ടെത്താൻ പോലീസ് നായയുടെ സഹായം തേടിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. മൂന്ന് ദിവസം തുടർച്ചയായി പോലീസ് കുട്ടിയ്ക്കായി തിരച്ചിൽ നടത്തി…….
തുടർന്ന് യുവതി ഝാർഖണ്ഡിലുള്ള തന്റെ കാമുകൻ കുട്ടിയെ കടത്തിക്കൊണ്ടുപോയതായി ആരോപണം ഉന്നയിച്ചു. പോലീസ് ഇയാളുമായി ബന്ധപ്പെട്ടെങ്കിലും സൂറത്തിന്റെ പരിസരത്ത് ഇയാൾ വന്നുപോയതായുള്ള സൂചനകളൊന്നും കണ്ടെത്താൻ സാധിച്ചില്ല. നയന തൊഴിലെടുക്കുന്ന സ്ഥലത്തുനിന്ന് കുട്ടി പുറത്തുപോകുന്നതിന്റേയോ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റേയോ തെളിവുകൾ ലഭിക്കാത്തത് പോലീസിനെ കുഴക്കി.
നയനയിലേക്ക് തന്നെ പോലീസിന്റെ സംശയം നീണ്ടു. തുടർച്ചയായ ചോദ്യം ചെയ്യലിൽ മകനെ കൊലപ്പെടുത്തിയതാണെന്ന കാര്യം പ്രതി ഏറ്റുപറഞ്ഞു. കുഴിയിൽ മൃതദേഹം മൃതദേഹം അടക്കം ചെയ്തതായും നയന മൊഴി നൽകി. എന്നാൽ പോലീസിന് കുഴിയിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. സമീപത്തെ കുളത്തിൽ മൃതശരീരം എറിഞ്ഞുവെന്നായിരുന്നു നയനയുടെ പിന്നീടുള്ള മൊഴി. കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കിട്ടിയില്ല. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മാലിന്യക്കുഴിയിൽ കുഞ്ഞിന്റെ ശരീരം എറിഞ്ഞതായി അറിയിച്ചു. തുടർന്ന് അവിടെനിന്ന് മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു.
കുട്ടിയുമായെത്തിയാൽ നയനയെ സ്വീകരിക്കാനാവില്ലെന്ന് ഝാർഖണ്ഡിലുള്ള കാമുകൻ പറഞ്ഞതോടെയാണ് കുട്ടിയെ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് പ്രതി മൊഴി നൽകി.കാമുകനെ സ്വന്തമാക്കാൻ മകനെ കൊലപ്പെടുത്തുകയായിരുന്നു പ്രതി കണ്ടെത്തിയ മാർഗം. ദൃശ്യം സിനിമ കണ്ടാണ് മൃതദേഹം ഒളിപ്പിക്കാനുള്ള ആശയം ലഭിച്ചതെന്നും പ്രതി അറിയിച്ചു. സിനിമയിലുള്ളതുപോലെ ചെയ്താൽ ഒരിക്കലും പിടിക്കപ്പെടില്ലെന്നും ഝാർഖണ്ഡിലെത്തി കാമുകനുമായി പുതിയ ജീവിതം ആരംഭിക്കാമെന്നുമായിരുന്നു പ്രതിയുടെ വിശ്വാസം.

