ഒരു കോടിയുടെ ലോട്ടറി അടിച്ച തനിക്ക് സുരക്ഷ നൽകണമെന്ന ആവശ്യവുമായി ബം​ഗാൾസ്വദേശി പൊലീസ് സ്റ്റേഷനിൽ

തിരുവനന്തപുരം : ”സർ, എന്നെ രക്ഷിക്കണം’ ( സർ, മുജേ ബചാവോ.) എന്ന് പറഞ്ഞുകൊണ്ട് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. എന്താണ് കാര്യമെന്നറിയാതെ പൊലീസുകാർ അമ്പരുന്നു. കാര്യമന്വേഷിച്ച പോലീസിന്റെ മുമ്പിൽ ബിർഷു ഒരു ലോട്ടറി ടിക്കറ്റെടുത്ത് നൽകി. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്. തനിക്ക് ബമ്പറടിച്ചത് പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ചാണ് ബിർഷു പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്റെ ആവശ്യം. 2023 ജൂൺ 29 ബുധനാഴ്ച വൈകിട്ട് ആയിരുന്നു സംഭവം .

തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നും ബിർഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്. ബിർഷു പറഞ്ഞത് മുഴുവൻ കേട്ട തമ്പാനൂർ എസ്എച്ച്ഒ പ്രകാശ് ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കുന്നത് വരെ ബിർഷുവിനെ സ്റ്റേഷനിൽ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്തടിച്ച് കളയരുതെന്ന് ഉപദേശവും നൽകി, സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിർഷുവിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് യാത്രയാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →