സുൽത്താൻബത്തേരി: നഗരത്തിലെ സ്വകാര്യ ലോഡ്ജിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ പൂർണവളർച്ചയെത്തിയ കഞ്ചാവുചെടികൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 2023 ജൂൺ 27 ചൊവ്വാഴ്ചയാണ് നഗരത്തിൽ ചുങ്കം ഭാഗത്തുള്ള ഏഷ്യൻ ടൂറിസ്റ്റ് ഹോമിന് പുറകിലെ കുറ്റിക്കാടുകൾക്കിടയിൽ ഏഴ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രണ്ട് മീറ്റർ വരെ വലിപ്പമെത്തിയതാണ് ഒരു കഞ്ചാവ് ചെടി. ബാക്കിയുള്ളവ അതിൽ താഴെ വലിപ്പമുള്ളവയായിരുന്നു. എല്ലാ ചെടികളും ഉപയോഗിക്കാൻ പാകമായവയായിരുന്നുവെന്നും എല്ലാം പൂർണമായും നശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ചെടികൾ വളർന്നുനിന്നിരുന്ന പറമ്പിനരികിൽ മറ്റു രണ്ട് സ്വകാര്യ റസിഡൻസികൾ കൂടിയുണ്ട്. ഇവയിൽ ഏതിലെങ്കിലും താമസത്തിനെത്തിയവർ കഞ്ചാവ് ഉപയോഗിച്ച് അവശിഷ്ടം വലിച്ചെറിഞ്ഞപ്പോൾ വിത്തുവീണ് മുളച്ചതാകാനുള്ള സാദ്ധ്യതയാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ ആർക്കെതിരെയും ഇതുവരെ കേസെടുത്തിട്ടില്ല. എങ്കിലും മൂന്ന് താമസ സ്ഥലങ്ങളിലും വന്നുപോയവരുടെ പട്ടിക ശേഖരിച്ച് മുമ്പ് കഞ്ചാവു കേസുകളിൽ പിടിക്കെപ്പെട്ട ആരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കും.
ഏതെങ്കിലും തരത്തിലുള്ള സൂചന ലഭിച്ചാൽ ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. വിശദമായ അന്വേഷണത്തിനായി ചെടികൾ കണ്ടെത്തിയ പറമ്പിൽ സ്ഥിതി ചെയ്യുന്ന ലോഡ്ജിലെയും മറ്റു റസിൻഡൻസികളിലെയും വ്യാപാര സ്ഥാപനങ്ങളിലെയുമൊക്കെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കും. ചെടികൾ ഇത്രയും ഉയർന്ന് വളർന്ന് നിന്നിട്ടും സമീപത്തുള്ളവരുടെ ആരുടെയും ശ്രദ്ധ ഇവിടേക്ക് ഇന്നലെ വരെ എത്തിയിരുന്നില്ല.
എന്നാൽ നാട്ടുകാരിൽ ആർക്കോ തോന്നിയ സംശയം എക്‌സൈസിനെ അറിയിച്ചതോടെയാണ് കഞ്ചാവ് ചെടികളാണെന്ന് ഉറപ്പായതും നശിപ്പിക്കാനായതും. പ്രിവന്റീവ് ഓഫീസർ വി.ആർ. ബാബുരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.വി രജിത്ത്, കെ.എ. അർജുൻ, ആർ.സി. ബാബു എന്നിവരും പരിശോധനയിൽ പങ്കെടുത്തിരുന്നു.

