ന്യൂഡൽഹി: ഒരു രാജ്യത്ത് രണ്ടു നിയമം എന്നുവച്ചാൽ, ഒരു കുടുംബത്തിലെ പലർക്കും പല നിയമം എന്നതുപോലെയായിരിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉപമിച്ചത്. പൊതുപരിപാടിയിലൊന്നും നടത്തിയ പരാമർശമായിരുന്നില്ല ഇത്. ബിജെപിയുടെ ബൂത്ത് തല യോഗത്തിനു നൽകിയ അഭിസംബോധന മാത്രം. എന്നാൽ, രാജ്യമെങ്ങുമുള്ള രാഷ്ട്രീയ ചർച്ചകൾ ഏകീകൃത സിവിൽ കോഡ് എന്ന ഒറ്റ വിഷയത്തിലേക്കു കേന്ദ്രീകരിക്കാൻ ഈ ഒരൊറ്റ പ്രസ്താവനയിലൂടെ സാധിച്ചു എന്നതാണ് വസ്തുത.
മണിപ്പൂർ അടക്കം കത്തുന്ന വിഷയങ്ങളിൽനിന്നെല്ലാം വ്യതിചലിച്ച് പ്രതിപക്ഷ പാർട്ടികളും ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ചർച്ച ചെയ്തു തുടങ്ങി. മറ്റു വിഷയങ്ങളിൽ നിന്നു ശ്രദ്ധ മാറി എന്നതു മാത്രമല്ല, പ്രതിപക്ഷ ഐക്യം എന്ന വിശാല ലക്ഷ്യത്തിന്റെ കടയ്ക്കൽ വച്ച കത്തിയായി ഈ വിഷയം മാറുകയും ചെയ്തു.
യൂണിഫോം സിവിൽ കോഡ് എന്ന യുസിസിയുടെ കാര്യത്തിൽ പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഐക്യത്തിനു സാധ്യതയില്ലെന്ന ബിജെപിയുടെ കണക്കുകൂട്ടൽ കിറുകൃത്യമായിരുന്നു എന്ന് തുടർന്നു വന്ന ചർച്ചകളിൽ വ്യക്തമായി. യുസിസിയെ തത്വത്തിൽ പിന്തുണയ്ക്കുമെന്ന് എഎപി പ്രഖ്യാപിച്ചപ്പോൾ എതിർക്കാനോ തുണയ്ക്കാനോ ഇല്ലെന്നാണ് എൻസിപി നിലപാട്. എന്നാൽ, മുസ്ലിം ലീഗും ജെഡിയുവുമടക്കം കക്ഷികളും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡും കേന്ദ്രത്തിനെതിരേ രംഗത്തെത്തി.
പി. ചിദംബരമടക്കം നേതാക്കൾ കേന്ദ്രത്തിനെതിരേ രംഗത്തെത്തിയെങ്കിലും കോൺഗ്രസിന്റെ നിലപാടിലും വ്യക്തതയില്ല. വിലക്കയറ്റമടക്കം പ്രശ്നങ്ങളിൽ നിന്നു വഴിതിരിച്ചുവിടാനുള്ള ബിജെപിയുടെ ശ്രമത്തെ അംഗീകരിക്കില്ലെന്നു പറഞ്ഞ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുസിസിയെ നേരിട്ടു പരാമർശിച്ചില്ല.
ഭരണഘടനയുടെ 44ാം അനുച്ഛേദം യുസിസിയെ പിന്തുണയ്ക്കുന്നുണ്ടെന്നും തങ്ങളും തത്വത്തിൽ ഈ നിയമത്തെ പിന്തുണയ്ക്കുകയാണെന്നും എഎപി സംഘടനാകാര്യ ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് വ്യക്തമാക്കി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്തശേഷം മാത്രമേ നടപ്പാക്കാവൂ എന്നു പഥക്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതടക്കം വിഷയങ്ങളിലും എഎപി കേന്ദ്ര സർക്കാരിനെ പിന്തുണച്ചിരുന്നു.
എതിർക്കാനും പിന്തുണയ്ക്കാനും തങ്ങളില്ലെന്നും ഇത്തരം തീരുമാനങ്ങൾ തിരക്കിട്ടു സ്വീകരിക്കരുതെന്നു മാത്രമാണ് എൻസിപിയുടെ നിലപാടെന്നും വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പുകളും വരാനിരിക്കെ വിലക്കയറ്റമുൾപ്പെടെ കാതലായ വിഷയങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാനാണു ബിജെപിയുടെ ശ്രമമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ഇതിന് കോൺഗ്രസ് അനുവദിക്കില്ലെന്നും രാഹുൽ. ഈ വിഷയം ബിജെപി ധ്രുവീകരണത്തിനുപയോഗിക്കുകയാണെന്നു പറഞ്ഞ പി. ചിദംബരവും നിലപാട് വ്യക്തമാക്കിയില്ല. യുസിസി ഭരണഘടനയുടെ സത്തയ്ക്ക് വിരുദ്ധമാണെന്നായിരുന്നു ജെഡിയുവിന്റെ പ്രതികരണം. ഏക സിവിൽ നിയമത്തെ അംഗീകരിക്കാനാവില്ലെന്നു മുസ്ലിം ലീഗും പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ലക്നൗവിൽ ചൊവ്വാഴ്ച രാത്രി അഖിലേന്ത്യാ വ്യക്തിനിയമ ബോർഡ് അടിയന്തര യോഗം ചേർന്ന് നിയമ കമ്മിഷൻ തയാറാക്കിയ കരടിനെപ്പറ്റി ചർച്ച ചെയ്തു. ഭരണഘടനാവിരുദ്ധമാണ് ഈ നീക്കമെന്ന് ബോർഡ് അംഗം ഖാലിദ് റഷീദ് ഫരംഗി മഹ്ലി.
അതേസമയം, ഏക സിവിൽ നിയമത്തിനു വർഗീയ നിറം നൽകി മുതലെടുക്കാൻ ശ്രമിക്കുകയാണു പ്രതിപക്ഷമെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മുതിർന്ന ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്വിയും ആരോപിച്ചു. നിയമം ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടല്ല, പൊതു സമൂഹത്തിനു വേണ്ടിയാണെന്നും ഇവർ.

