പ്രതിഷേധം ശക്തം, ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ്; രാഹുൽ ഇംഫാലിലേക്ക് മടങ്ങി
ക്യാമ്പുകൾ സന്ദർശിക്കുന്നതിൽ നിന്നും രാഹുൽ ഗാന്ധി പിന്മാറില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി

ഇംഫാൽ: വംശീയ കാലാപം രൂക്ഷമായ മണിപ്പൂർ സന്ദർശനത്തിനെത്തിയ രാഹുൽഗാന്ധിയെ പൊലീസ് വഴിയിൽ തടഞ്ഞതിനെ തുടർന്ന് സംഘർഷം. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച മണിപ്പൂർ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് രാഹുൽ ഗാന്ധി ചുരാചന്ദ്പൂരിലേക്കുള്ള യാത്രമാറ്റിവച്ച് ഇംഫിലിലേക്ക് മടങ്ങി
അതേസമയം ക്യാമ്പുകൾ സന്ദർശിക്കുന്നതിൽ നിന്നും രാഹുൽ ഗാന്ധി പിന്മാറില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. രാവിലെ ഡൽഹിയിൽ നിന്നും പുറപ്പെട്ട രാഹുൽ ഗാന്ധി 11 മണിയോടെ തലസ്ഥാന നഗരമായ ഇംഫാലിൽ വിമാനമിറങ്ങി. കോൺഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലടക്കമുള്ളവർ രാഹുലിനൊപ്പമുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിന്‍റെ സന്ദർശനം.

കുക്കി മേഖലയായ ചുരാചന്ദ്പുരിയിലേക്കാണ് ആദ്യ സന്ദർശനത്തിന് പദ്ധതിയിട്ടിരുന്നത്, തുടർന്ന് ഉച്ചയ്ക്ക് ശേഷം ഇംഫാലിലേക്കു മടങ്ങുന്ന രാഹുൽ മെയ്തെയ് അഭയാർഥി ക്യാംപുകളിലേക്ക് പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. തുടർന്ന് മെയ്തെയ് നേതാക്കളുമായി ചർച്ച നടത്തും.സംസ്ഥാനത്ത് വിവിധയിടങ്ങളിലായുള്ള 300 ക്യാംപുകളിലായി 50,000 പേരെയാണ് അഭയം തേടിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ആക്രമണം തുടരുകയാണ്. പലയിടത്തും സൈനികർക്കെതിരേയും ബിജെപി നേതാക്കളുടെ വീടുകൾക്കെതിരേയും അക്രമികൾ തിരിഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →