കൊല്ലം : കെഎസ്ആർടിസി ബസിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തിരുവല്ല സ്വദേശി സാബുവാണ് പിടിയിലായത്. ബസിലെ യാത്രക്കാരാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ വെച്ച് 2023 ജൂൺ 26 നാണ് സംഭവം.
ആയൂരിൽ നിന്ന് ബസിൽ കയറിയ സാബു പെൺകുട്ടിയിരുന്ന സീറ്റിന് സമീപമെത്തിയാണ് പീഡനശ്രമം നടത്തിയത്. ഉറങ്ങുകയായിരുന്ന പെൺകുട്ടി ഞെട്ടി ഉണർന്ന് ബഹളം വച്ചതോടെയാണ് യാത്രക്കാർ ഇയാളെ തടഞ്ഞുവച്ചത്. തുടർന്ന് ചടയമംഗലം പൊലീസ് സ്ഥലത്ത് എത്തി ബസ് ചടയമംഗലം സ്റ്റേഷനിലേക്ക് മാറ്റുകയും സാബുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതു സ്ഥലത്തെ നഗ്‌നതാ പ്രദർശനത്തിനും പീഡനശ്രമത്തിനും സാബുവിന് എതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ജൂൺ 27ന് കോടതിയിൽ ഹാജരാക്കും.

