ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം. കായംകുളത്തെ സിപിഐഎം നേതാക്കൾക്ക് ദിവസങ്ങളായി തലവേദന സൃഷ്ടിക്കുന്ന കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം മുതലായ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ സിപിഐഎം ഏരിയാ കമ്മിറ്റി ആലപ്പുഴ എസ്പിക്ക് പരാതി കൈമാറി.
വ്യാജ സർട്ടിഫിക്കറ്റ് കേസിലെ ഒന്നാം പ്രതിയായ നിഖിൽ തോമസിന് ഇതിൽ ഒരു ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധമുണ്ടെന്നും സിപിഐഎം നൽകിയ പരാതിയിലുണ്ട്. ഈ ഫേസ്ബുക്ക് പേജുകളുടെ അഡ്മിൻമാർ ആരെന്ന് കണ്ടെത്തണമെന്നും സിപിഐഎം ആവശ്യപ്പെടുന്നു.
സിപിഐഎം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിനാണ് പരാതി കൈമാറിയത്. പാർട്ടിയ്ക്കുള്ളിൽ രഹസ്യമായി ചർച്ച ചെയ്യുന്ന പല വിമർശനങ്ങളും പരസ്യപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പോസ്റ്റുകൾ സിപിഐഎമ്മിന് വല്ലാത്ത തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ സി ബാബുവിനെ പാർട്ടി സസ്‌പെൻഡ് ചെയ്തത് ഫേസ്ബുക്കിൽ നിരന്തരമായി വന്ന പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ആക്ഷേപം ഉയരുന്നുണ്ട്