കൊച്ചി∙ കളമശേരിയിൽ ലഹരിമരുന്നുമായി സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ബംഗാൾ ജയ്പാൽഗുരി, പഞ്ച്കോളാഗുരി സ്വദേശി ബക്ഖദാരു സിൻഹയുടെ മകൻ പരിമൾ സിൻഹ(24)യെയാണ് കളമശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾ താമസിച്ചിരുന്ന സ്കൂളിലെ മുറിയിൽനിന്നു 1.4 കിലോ കഞ്ചാവ്, 4 ഗ്രാം ഹെറോയിൻ എന്നിവയും കണ്ടെടുത്തു. രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി 2023 ജൂൺ 26 ന് രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുകൾ കണ്ടെടുത്തത്.
കൊച്ചിയുടെ വിവിധ സ്റ്റേഷൻ പരിധികളിൽ പൊലീസ് സംഘം രഹസ്യ പരിശോധനകൾ നടത്തി വരികയായിരുന്നു.കൊച്ചി സിറ്റി ഡപ്യൂട്ടി പൊലിസ് കമ്മിഷണർ, എസ്.ശശിധരൻ ഐപിഎസിന്റെ നിർദേശപ്രകാരം കളമശേരി ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനു പുറമോ 35 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ ബസ് സ്റ്റാൻഡിലും പിടിയിലായി. ആലുവ സ്വദേശികളായ അബു താഹിർ, നാസിഫ് നാസർ എന്നിവരാണു പിടിയിലായത്. …