പ്രിയ വര്‍ഗീസിന് ആശ്വാസം; കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് ആശ്വാസം. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതില്‍ തെറ്റ് പറ്റിയെന്ന പ്രിയയുടെ വാദം കോടതി അംഗീകരിച്ചു. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഹര്‍ജിക്കാരന്‍ ജോസഫ് സ്‌കറിയ പ്രതികരിച്ചു.

കോടതി വിധിയില്‍ സന്തോഷമെന്നായിരുന്നു പ്രിയ വര്‍ഗീസിന്റെ പ്രതികരണം. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നതായി പ്രിയ പറഞ്ഞു. ഇന്റര്‍വ്യൂവിന് തലേദിവസം തനിക്ക് നേരെ ഭീഷണിയുണ്ടായി. സഹ ഉദ്യോഗാര്‍ത്ഥി ആദ്യം സമീപിച്ചത് മാധ്യമങ്ങളെയാണ്, താന്‍ ടാര്‍ജറ്റ് ചെയ്യപ്പെടുകയാണുണ്ടായതെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പ്രിയാ വര്‍ഗീസ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. യു.ജി.സി ചട്ടപ്രകാരം യോഗ്യതയുണ്ടെന്നും ഇത് സിംഗിള്‍ ബഞ്ച് പരിശോധിച്ചില്ലെന്നുമാണ് അപ്പീലിലെ വാദം. പ്രിയാ വര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസ്യേറ്റ് പ്രൊഫസര്‍ നിയമനത്തിനു വേണ്ട അധ്യാപന പരിചയം ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കാന്‍ നവംബര്‍ 16 ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →