ഇംഫാല്‍: മണിപ്പുരില്‍ സൈന്യത്തിനു നേരേ വെടിവയ്പ്. ഒരു സൈനികനു പരുക്കേറ്റു. ആക്രമണത്തിനു പിന്നാലെ കലാപകാരികള്‍ക്കു മുന്നറിയിപ്പുമായി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രംഗത്തെത്തി. അക്രമം നടത്തുന്നവര്‍ക്കു കനത്ത തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേ സമയം, പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ മണിപ്പുരിനെക്കുറിച്ചു പരാമര്‍ശമുണ്ടായില്ലെന്ന പേരിലും പ്രതിഷേധമുയര്‍ന്നു. റേഡിയോ സെറ്റുകള്‍ പൊതുനിരത്തില്‍ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്താണ് ആളുകള്‍ പ്രതിഷേധം അറിയിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സിങ്ജാമേ മാര്‍ക്കറ്റിലും കാക്ചിങ് ജില്ലയിലെ മാര്‍ക്കറ്റിലുമാണു പ്രതിഷേധമുണ്ടായത്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ചിങ്മാങ് ഗ്രാമത്തിലാണു സൈനികര്‍ക്കു നേരേ വെടിവയ്പ്പുണ്ടായത്. മേഖലയിലേക്കു കൂടുതല്‍ സൈനികരെ നിയോഗിച്ചിട്ടുണ്ട്. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെത്തിയ ബി.ജെ.പിയുടേതടക്കം 23 ഭരണകക്ഷി എം.എല്‍.എമാര്‍ക്ക് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചില്ല. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ സംഘവും ഡല്‍ഹിയിലുണ്ട്. ഒടുവില്‍ ഭരണകക്ഷി എം.എല്‍.എമാര്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെയും ധനമന്ത്രി നിര്‍മലാ സീതാരാമനെയെും സന്ദര്‍ശിച്ച് സഹായാഭ്യര്‍ഥന നടത്തി.
അതേസമയം, സംഘര്‍ഷം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിനെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ട്രൈബ് ലീഡേഴ്സ് ഫോറം ആവശ്യപ്പെട്ടതിനു പിന്നാലെയാണു നടപടി. സംസ്ഥാനത്തെ സാധാരണ നിലയിലാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നു ബിരേന്‍ സിങ് അറിയിച്ചു. ഇപ്പോള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി രണ്ട് മാസത്തിനുള്ളില്‍ 4,000 താല്‍ക്കാലിക വീടുകള്‍ ഒരുക്കും. സമാധാനത്തിനു ഭംഗം വരുത്തുന്ന പ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം മെയ്തേയ് സായുധ ഗ്രൂപ്പുകളോടും അഭ്യര്‍ഥിച്ചു.36 മണിക്കൂറില്‍ സംസ്ഥാനത്തെ 249 പള്ളികള്‍ക്കുനേരെ ആക്രമണമുണ്ടായതായി മണിപ്പുര്‍ ആര്‍ച്ച്ബിഷപ് ഡൊമിനിക് ലുമോണ്‍ അറിയിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടു.

