കേരളത്തിൽ രണ്ട് ഐ.ടി പാർക്കുകൾ കൂടി സ്ഥാപിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

ദുബായ്: സംസ്ഥാനത്ത് രണ്ട് ഐ.ടി പാർക്കുകൾ കൂടി സ്ഥാപിക്കാൻ തീരുമാനിച്ചുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ ജില്ലകളെ ബന്ധിപ്പിച്ച് ഐ.ടി .കോറിഡോറുകൾ തുടങ്ങുമെന്നും അതിനായുള്ള സ്ഥലമെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐ.ടി. മേഖലയിൽ കേരളത്തിന്റേതായ രീതിയിൽ മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായിയിൽ സ്റ്റാർട്ട് അപ് മിഷൻ ആരംഭിക്കുന്ന ഇൻഫിനിറ്റി സെന്ററിന്റെഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം ഐ.ടി. രംഗത്ത് വളരെ നേരത്തെ തന്നെ ചുവട് വെച്ച സംസ്ഥാനമാണ്. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക്ക് ഇ.കെ നയനാരുടെ നേതൃത്വത്തിൽ കേരളത്തിലാണ് സ്ഥാപിതമായത്. കേരളത്തിന്റെ ചുവട് പിടിച്ചാണ് മറ്റ് പല സംസ്ഥാനങ്ങളും ഐ.ടി. മേഖലയിൽ ഇത് പോലെയുള്ള സംരഭങ്ങൾക്ക് തുടക്കം കുറിച്ചത്. പക്ഷേ പിന്നീട് അതേവേഗതയിൽ ഐ.ടി. രംഗത്ത് മുന്നോട്ട് പോകാൻ കേരളത്തിനായില്ല. സാധ്യതകളെ പൂർണമായി വിനിയോഗിക്കാനുള്ള ശ്രമമാണ് ഇപ്പോൾ സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാർട്ടപ്പുകളുടെ വരവ് യുവാക്കൾക്കിടയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. തൊഴിൽസംസ്‌കാരം സ്റ്റാർട്ടപ്പുകൾ മാറ്റിമറിച്ചു. തൊഴിൽ തേടുന്നവരിൽ നിന്നും തൊഴിൽധാതാക്കളായി യുവാക്കൾ മാറി. 4500 കോടിയിലധികം രൂപയുടെ വിദേശനിക്ഷേപം കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം ഐ.ടി. മേഖലയിൽ ഇരുപതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായം, സ്റ്റാർട്ടപ്പുകൾ ഇവയെല്ലാം സംയോജിപ്പിക്കുന്ന സുസ്ഥിര സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് അടുത്ത ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →