ആലപ്പുഴയിലും എസ്എഫ്ഐയിൽ വ്യാജ ഡിഗ്രി വിവാദം

ആലപ്പുഴ: ആലപ്പുഴ എസ്എഫ്ഐയിലും വ്യാജഡിഗ്രി വിവാദം. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ സിപിഐഎം നേതൃത്വം ഇടപെട്ട് നടപടി എടുത്തു. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റിനെ ചൊല്ലിയാണ് വിവാദം. ആരോപണവുമായി ബന്ധപ്പെട്ട് 2023 ജൂൺ 16 ന് ചേർന്ന സിപിഎം ഫ്രാക്ഷൻ യോഗം നിഖിലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷം എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കാൻ നിർദേശം നൽകി.

നിലവിൽ കായംകുളം എംഎസ്എം കോളജ് രണ്ടാം വർഷ എംകോം വിദ്യാർത്ഥിയാണ് നിഖിൽ. എംകോം പ്രവേശനത്തിന് നിഖിൽ തോമസ് സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018 – 2020 കാലഘട്ടത്തിലാണ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളേജിൽ ബികോം ചെയ്തത്. എന്നാൽ ഡിഗ്രി പാസാകാൻ എസ്എഫ്ഐ നേതാവിന് സാധിച്ചില്ല. ഈ കാലത്ത് 2019 ൽ കായംകുളം എംഎസ്എം കോളേജിൽ യുയുസിയും 2020ൽ സർവകലാശാല യൂണിയൻ ജോയിൻറ് സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. ഡിഗ്രി തോറ്റ നിഖിൽ പക്ഷെ 2021 ൽ കായംകുളം എംഎസ്എം കോളേജിൽ തന്നെ എം കോമിന് ചേർന്നു. പ്രവേശനത്തിനായി 2019 – 2021 കാലത്തെ കലിംഗ സർവകലാശാലയിലെ ഡിഗ്രി സർട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്.

മൂന്ന് മാസം മുൻപാണ് നിഖിലിനെതിരെ പരാതി ഉയർന്നത്. പരാതിക്കാരി എംഎസ്എം കോളേജിൽ നിഖിലിന്റെ ജൂനിയർ വിദ്യാർത്ഥിയുമാണ്. എസ്എഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനം ഇപ്പോൾ നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയിൽ ജൂൺ 16 ന് ചേർന്ന സിപിഎം ഫ്രാക്ഷൻ നിഖിലിനെ വിളിച്ചു വരുത്തി പരാതി ചർച്ച ചെയ്തത്. യഥാർത്ഥ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിഖിലിനോട് പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന വാദമാണ് നിഖിൽ ഉന്നയിച്ചത്. തുടർന്നാണ് പാർട്ടി നേതൃത്വം ഇടപെട്ട് നിഖിലിനെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും നീക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →