എസ്എഫ്‌ഐ മുൻ നേതാവ്‌ കെ. വിദ്യയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് അ​ഗളി പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്‌ ചമച്ചെന്ന കേസിൽ എസ്എഫ്‌ഐ മുൻ നേതാവ്‌ കെ. വിദ്യയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് അ​ഗളി പോലീസ് ഹൈക്കോടതിയിൽ. വ്യാജരേഖയുടെ ഉറവിടം കണ്ടെത്താൻ വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. 2023 ജൂൺ 20-നാണ് വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

സൈബർ സെൽ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണസംഘം വിപുലീകരിച്ചെങ്കിലും വിദ്യയെ പിടികൂടാൻ പത്ത് ദിവസത്തിനപ്പുറവും പോലീസിന് സാധിച്ചിട്ടില്ല. അതിനിടെ തെളിവ് ശേഖരണത്തിന്റെ ഭാഗമായി അഗളി പോലീസ് സംഘം അട്ടപ്പാടി സർക്കാർ കോളേജിൽ വീണ്ടുമെത്തിയിരുന്നു. തുടർന്ന് വിദ്യ പങ്കെടുത്ത അഭിമുഖത്തിലെ ബോർഡ് അംഗമായിരുന്ന മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

അതേസമയം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോക്കെതിരായ മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്ന പരാതിയുമായി മഹാരാജാസ് കോളേജിലെ അദ്ധ്യാപകൻ രം​ഗത്തെത്തി. കോളേജിലെ ആർക്കിയോളജി വിഭാഗത്തിന്റെ ചുമതലയുള്ള അദ്ധ്യാപകൻ വിനോദ്കുമാറാണ് വിഷയം ചൂണ്ടിക്കാട്ടി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി ഉയരുന്നുവെന്നും തന്നെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →