ബിപോർജോയ് ചുഴലിക്കാറ്റ് : ​ഗുജറാത്തിൽ 74,000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

​ഗുജറാത്ത് : ഗുജറാത്ത് മഹാരാഷ്ട്ര തീരത്ത് കടൽ ക്ഷോഭവും കനത്ത മഴയും തുടരുകയാണ്. ആറുമീറ്റർ ഉയരത്തിൽ വരെ തിരകൾ അടിക്കാം എന്ന് മുന്നറിയിപ്പുണ്ട്. ഭുജ് വിമാനത്താവളം 2023 ജൂൺ 16 വെള്ളിയാഴ്ച വരെ അടച്ചു. 69 ട്രെയിനുകൾ റദ്ദാക്കി. ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ എട്ട് ജില്ലകളിൽ നിന്നായി 74,000ത്തോളം പേരെ അധികൃതർ മാറ്റിപ്പാർപ്പിച്ചു. എട്ട് തീരദേശ ജില്ലകളിൽ നിന്നായി 74,345 പേരെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. കച്ച് ജില്ലയിൽ മാത്രം 34,300 പേരെയും ജാംനഗറിൽ 10,000 പേരെയും മോർബിയിൽ 9,243 പേരെയും രാജ്കോട്ടിൽ 6,089 പേരെയും, ഡിവാർകോട്ടിൽ നിന്ന് 5,089 പേരെ മാറ്റിപ്പാർപ്പിച്ചു. ജുനഗഢ്, പോർബന്തർ, ഗിർസോമനാഥ് എന്നിവിടങ്ങളിൽ നിന്നായി ഏകദേശം പതിനായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചതായി സർക്കാർ അറിയിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 2023 ജൂൺ 14ന് വൈകുന്നേരത്തോടെ തന്നെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായതായി സംസ്ഥാന ദുരിതാശ്വാസ കമ്മിഷണർ അലോക് പാണ്ഡെ പറഞ്ഞു. ബിപോർജോയുടെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കച്ച്-സൗരാഷ്ട്ര മേഖലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിലും മഴയിലും ദ്വാരകയിൽ വ്യാപക നാശനഷ്ടമുണ്ടായി. നിലവിൽ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തോട് അടുക്കുകയാണ്. അതിതീവ്ര ചുഴലികാറ്റായി തന്നെ ബിപോർജോയ് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദ്വാരകയിൽ ദൂരദർശന്റെ ടവർ പൊളിച്ചു മാറ്റി. ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി. ദേശീയ ദുരന്തനിവാരണ സേനയുടെ 18 സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. മൂന്ന് സേന വിഭാഗങ്ങൾക്കും കോസ്റ്റ് ഗാർഡിനും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →