കണ്ണൂര്‍ മുഴപ്പിലങ്ങാട്ടാണ് സംഭവം ഓട്ടിസം ബാധിച്ച, സംസാര ശേഷിയില്ലാത്ത പതിനൊന്നുകാരനെ വീടിന്റെ പരിസരത്തുവെച്ച് തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് കടിച്ചുകീറി. ചോരയില്‍ കുളിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലാണ് വീടിനോട് ചേര്‍ന്ന പറമ്പില്‍ ചെടികള്‍ക്കിടയില്‍ കുട്ടിയെ കണ്ടെത്തിയത്. സംസാര ശേഷിയില്ലാത്തതിനാല്‍ നായ അക്രമിക്കുമ്പോള്‍ വിളിച്ചുപറയാനോ നിലവിളിക്കാനോ കുട്ടിക്കായില്ല. വീടുകള്‍ക്ക് വെളിയില്‍ മാത്രമല്ല തെരുവുനായ ഭീഷണി. നായ്ക്കള്‍ വീടിനകത്ത് കടന്നുചെന്ന് അക്രമിക്കുന്ന സംഭവങ്ങളും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെ പത്തനംതിട്ട പെരുന്നാടില്‍ തെരുവുനായ വീട്ടില്‍ കയറി ഗൃഹനാഥയെയും മകളെയും കടിച്ചു പരുക്കേല്പ്പിക്കുകയുണ്ടായി. റാന്നിയില്‍ നായ ഓട്ടോയില്‍ ചാടിക്കയറി യാത്രക്കാരെ കടിക്കാന്‍ ശ്രമിച്ചിരുന്നു.
കണ്ണൂര്‍ ജില്ലയിലെ തന്നെ ചമ്പാടില്‍ രണ്ട് ദിവസം മുമ്പ് വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിയെ തെരുവു നായ ഗുരുതര പരുക്കേല്‍പ്പിച്ചിരുന്നു. സമീപ ദിവസങ്ങളില്‍ ഇത്തരം നിരവധി തെരുവുനായ ആക്രമണമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
റാബിസ് മരണങ്ങളില്‍ 36 ശതമാനം ഇന്ത്യയില്‍
ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ)യുടെ കണക്ക് പ്രകാരം ലോകത്തിലെ റാബിസ് മരണങ്ങളില്‍ 36 ശതമാനം ഇന്ത്യയിലാണ്. രാജ്യത്തെ പേവിഷബാധ എണ്ണം സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല. അനൗദ്യോഗിക കണക്ക് പ്രകാരം ഓരോ വര്‍ഷവും 18,000ത്തിനും 20,000ത്തിനും ഇടയില്‍ പേവിഷബാധ മൂലമുള്ള മരണങ്ങള് നടക്കുന്നുണ്ട്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പതിനഞ്ച് മരണങ്ങളാണ് നടന്നത്. നായ ശല്യം സഹിച്ചു ജീവിക്കുകയല്ലാതെ ഇതില്‍ നിന്നൊരു മോചനം അടുത്ത കാലത്തൊന്നും കേരളീയ ജനത പ്രതീക്ഷിക്കേണ്ടതില്ല. മനുഷ്യജീവനേക്കാള്‍ പട്ടികളുടെ ജീവന് പ്രാധാന്യം നല്കുന്ന ഒരു പറ്റമാളുകളുണ്ടിവിടെ. അവര്‍ക്കൊത്തൊരു നിയമമാണ് രാജ്യത്ത് നിലവിലുള്ളത്. നായ മനുഷ്യനെ കടിച്ചുകീറിയാല്‍ അതൊരു പ്രശ്നമല്ല. ജീവരക്ഷാര്‍ഥം മനുഷ്യന് നായയെയോ വന്യമൃഗത്തെയോ കൊന്നാല്‍ മൃഗസ്നേഹികള്‍ ബഹളം വെക്കുകയും നിയമം സടകുടഞ്ഞെഴുന്നേല്‍ക്കുകയും ചെയ്യും. നിലവിലെ നിയമമനുസരിച്ച് ശല്യക്കാരായ തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവാദമില്ല. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത (തടയല്‍) നിയമ (1960)ത്തിലെ പതിമൂന്നാം വകുപ്പ് പ്രകാരം പേവിഷബാധയേറ്റ നായ്ക്കളെയും എ ബി സി റൂള്‍ 2001 ചട്ടം (9) പ്രകാരം മാരക മുറിവേറ്റതും ഭേദമാകാത്ത അസുഖങ്ങളുമുള്ളതുമായ നായ്ക്കളെയും മാത്രമേ കൊല്ലാന്‍ വ്യവസ്ഥയുള്ളൂ.
ചട്ടങ്ങള്‍ ഫലപ്രദമായി നടപ്പാക്കണം
ശല്യം അസഹ്യമാകുമ്പോള്‍ തെരുവുനായ്ക്കളെ കൊല്ലാന്‍ അനുമതി നല്‍കുക മാത്രമാണ് ഇതിനു പരിഹാരം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണവും ഇതുതന്നെയാണ്. കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് രണ്ട് മാസം മുമ്പ് സംസ്ഥാന സര്‍ക്കാറിന് നല്കിയ നിര്‍ദേശം, മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത (തടയല്‍) നിയമം, എ ബി സി (ഡോഗ്സ് 2001) ചട്ടങ്ങള്‍ എന്നിവയില്‍ ഫലപ്രദമായ ഭേദഗതികള്‍ കൊണ്ടുവരിക മാത്രമാണ് തെരുവുനായ ശല്യം തടയാന്‍ ഫലപ്രദ മാര്‍ഗമെന്നാണ്. വാക്സീനേഷന് തെരുവുനായ ശല്യത്തിന് പ്രായോഗിക പരിഹാരല്ലെന്നും നിയമങ്ങളില്‍ ഫലപ്രദമായ ഭേദഗതികള്‍ കൊണ്ടുവരുന്നതിന് ആവശ്യമായ ശുപാര്‍ശകള്‍ നല്‍കണമെന്നും കമ്മീഷന് നിര്‍ദേശിക്കുകയുണ്ടായി. തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം മന്ത്രി എം ബി രാജേഷ് ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം ആവശ്യമാണെന്ന് സുപ്രീം കോടതിയും നിരീക്ഷിക്കുകയുണ്ടായി. അതേസമയം, തെരുവുനായ്ക്കളെ കൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. മാത്രമല്ല, നിയമം ലംഘിച്ച് നായകളെ കൊന്നാല്‍ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ജെ കെ മഹേശ്വരിയും അടങ്ങുന്ന ബഞ്ച്.

