ദില്ലി : ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് മതസംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് 21ാം നിയമ കമ്മിഷൻ ഉത്തരവിറക്കി. മുപ്പത് ദിവസത്തിനകം നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കണമെന്നാണ് നിയമ കമ്മിഷന്റെ ഉത്തരവിലുള്ളത്. വിഷയത്തിൽ മുൻ കമ്മിഷൻ നൽകിയ കൺസൽട്ടേഷൻ പേപ്പറിന് മൂന്ന് വർഷത്തിലേറെ പഴക്കമുള്ള സാഹചര്യത്തിലാണിത്. മുൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ളതാണ് നിലവിലെ നിയമ കമ്മിഷൻ.
താത്പര്യവും സന്നദ്ധതയുമുള്ളവർക്ക് ഉത്തരവ് ലഭിച്ച് മുപ്പത് ദിവസത്തിനുള്ളിൽ membersecretary-lci@gov.in എന്ന ഇ-മെയിൽ വഴി ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച അഭിപ്രായങ്ങൾ കമ്മിഷൻ സമർപ്പിക്കാം. നേരത്തെ ഏക സിവിൽ കോഡ് യാഥാർത്ഥ്യമാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമിതിയെയും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

