ബിപോർജോയ്: സുരക്ഷയും അവശ്യ സേവനങ്ങളും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി
മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ രൂപീകരിക്കണമെന്നും നിർദേശം

ന്യൂഡൽഹി: ബിപോർജോയ് അതി തീവ്ര ചുഴലിക്കാറ്റ് ബാധിക്കാവുന്ന പ്രദേശങ്ങളിൽ നിന്നുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റ് ഗുജറാത്ത് തീരപ്രദേശങ്ങളിലൂടെ കടന്നു പോകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചുഴലിക്കാറ്റ് വരുത്തി വച്ചേക്കാവുന്ന നാശനഷ്ടങ്ങളുടെ തീവ്ര കുറയ്ക്കുന്നതിനായി കേന്ദ്രസർക്കാരും ഗുജറാത്ത് സർക്കാരും നടത്തിയ മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. വൈദ്യുതി, ആശയ വിനിമയമാർഗങ്ങൾ, ചികിത്സ, കുടിവെള്ളം എന്നിവ ഉറപ്പു വരുത്താനും കാറ്റ് മൂലമുണ്ടാകുന്ന തകരാറുകൾ ധ്രുതഗതിയിൽ പരിഹരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ രൂപീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 24 മണിക്കൂറും സ്ഥിതിഗതികൾ വിലയിരുത്തുമെന്നും സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളുമായി വിവരങ്ങൾ കൈമാറുമെന്നും യോഗത്തിൽ അറിയിച്ചു. ബഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര എന്നിവിടങ്ങളിൽ കാറ്റ് ആഞ്ഞടിക്കുമെന്നും മണ്ണിടിച്ചിൽ ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതു മുൻകൂട്ടി കണ്ട് ജീവൻ രക്ഷാ ഉപകരണങ്ങൾ, വള്ളം, ബോട്ട് എന്നിവയുമായിഎൻഡിആർഎഫ് 12 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →