തിരുവനന്തപുരം ∙ പരീക്ഷാ വിവാദത്തിൽ സംരക്ഷിക്കാൻ പാർട്ടി തീരുമാനിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാക്കിയതു സംഘടനയുടെ പ്രായപരിധി മാനദണ്ഡം ലംഘിച്ച്. 25 വയസ്സാണു ഭാരവാഹിത്വത്തിനു പാർട്ടി നേതൃത്വം നിർദേശിച്ച പ്രായപരിധിയെന്നിരിക്കേ, ആർഷോ സെക്രട്ടറിയായി തുടരുന്നത് 29–ാം വയസിൽ
എറണാകുളം മഹാരാജാസ് കോളജിൽ പ്രവേശനം നേടാൻ, ഗവ. ലോ കോളജിൽനിന്നു നൽകിയ ട്രാൻസ്ഫർ സർട്ടിഫിക്കറ്റി(ടിസി)ൽ ആർഷോയുടെ ജനനത്തീയതി 1994 ഫെബ്രുവരി 2. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ, 28–ാം വയസ്സിൽ ആർഷോ എസ്എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായതു പ്രായപരിധിയിൽ ഇളവ് നേടിയാണെന്നു വ്യക്തമായി. പരീക്ഷാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ ഇതു സംഘടനയ്ക്കുള്ളിൽ പുതിയ വിവാദമായി.
എസ്എഫ്ഐയിൽ അംഗത്വമെടുക്കാൻ പ്രായപരിധി നിർബന്ധമാക്കിയിട്ടില്ല. വിദ്യാർഥികൾക്ക് ആർക്കും അംഗമാകാം. പുതിയവരെ നേതൃനിരയിലേക്കു കൊണ്ടുവരികയെന്ന സിപിഎമ്മിന്റെ നിർദേശം കൂടി കണക്കിലെടുത്താണ് ഭാരവാഹിത്വത്തിൽ 25 വയസ്സ് നിർബന്ധമാക്കാൻ ഏതാനും വർഷം മുൻപു തീരുമാനിച്ചത്.