കോണ്‍ഗ്രസ് പുനസ്സംഘടനാ തര്‍ക്കം കോടതി കയറുന്നു. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കണ്ണൂര്‍ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ വി സനില്‍ കുമാറാണ് കോടതിയെ സമീപിച്ചത്. പ്രസിഡന്റുമാരുടെ നിയമനം പാര്‍ട്ടി ഭരണഘടനയ്ക്കെതിരാണെന്നാണ് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത ഹർജിയില്‍ പറയുന്നത്. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്താണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ആത്മ പരിശോധന നടത്തണം വി ഡി സതീശന്‍
തനിക്കെതിരെ നീക്കം നടത്തുന്നതു കോണ്‍ഗ്രസ്സുകാരായ തന്റെ നേതാക്കള്‍ തന്നെയാണെന്നും അവര്‍ സി പി എമ്മുമായി ഗൂഢാലോചന നടത്തിയതായി താന്‍ പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണവുമായി രംഗത്തുവന്നതെല്ലാം മുതിര്‍ന്ന നേതാക്കളാണ്. എല്ലാവരും ആത്മ പരിശോധന നടത്തണം. പുനസ്സംഘടനയില്‍ ഒരാളെ പോലും എന്റെ ആളായി നിര്‍ദ്ദേശിച്ചില്ല. വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു. കോണ്‍ഗ്രസ്സില്‍ ഇതുവരെയില്ലാത്ത ജനാധിപത്യ പ്രക്രിയ നടന്നു. തനിക്ക് ആരുമായും വഴക്കില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി പാര്‍ട്ടിയില്‍ ഗ്രൂപ്പുയോഗമില്ല. നേരത്തെ എല്ലാവരും ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. പാര്‍ട്ടി തകര്‍ന്നപ്പോള്‍ പാര്‍ട്ടിക്കു മുകളില്‍ ഗ്രൂപ്പ് വേണ്ട എന്നു തീരുമാനിച്ചതാണ്. പാര്‍ട്ടിയെ ഗ്രൂപ്പുകള്‍ക്ക് അതീതമായി ശക്തിപ്പെടുത്തുന്ന ദൗത്യമാണു താന്‍ ഏറ്റെടുത്തത്. പരസ്പരം വഴക്കടിക്കലല്ല തന്റെ ദൗത്യം.ലിസ്റ്റ് തയ്യാറാക്കിയതില്‍ 10 ശതമാനം തെറ്റുകള്‍ വന്നിട്ടുണ്ട്. അത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു തിരുത്തും. ഗ്രൂപ്പുകള്‍ക്കതീതമായി അഭിമാനത്തോടെയാണ് ലിസ്റ്റ് പ്രഖ്യാപിച്ചത്. നീതി പൂര്‍വകമായിട്ടാണു കാര്യങ്ങള്‍ ചെയ്തത്. നേതൃത്വത്തിനു പ്രിവിലേജ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തകര്‍ന്നു നിരാശ ബാധിച്ച സമയത്താണ് ചുമതല ഏറ്റെടുത്തത്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരിലാണു തനിക്കെതിരെ വിജിലന്‍സ് കേസ് പൊക്കിക്കൊണ്ടുവരുന്നത്. മുഖ്യമന്ത്രി ലോക കേരള സഭയുടെ പേരില്‍ അനധികൃത പിരിവു നടത്തുകയായിരുന്നു.
താന്‍ ഏതു തരത്തിലുള്ള അന്വേഷണത്തോടും സഹകരിക്കും. മുഖ്യമന്ത്രിക്ക് അസഹിഷണുത കാണിക്കുന്നു. നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനു രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപോലുള്ള നീക്കമാണ് പിണറായി കേരളത്തില്‍ നടത്തുന്നത്. ആരോപണത്തില്‍ കഴമ്പില്ലെന്നു നേരത്തെ തന്നെ ബോധ്യപ്പെട്ടതാണ്. പുനര്‍ജനി പദ്ധതിക്ക് ഒരു അക്കൗണ്ടുമില്ല പണപ്പിരിവു നടത്തിയിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ ഫോണില്‍ വന്‍ അഴിമതിയാണു നടന്നത്. ചൈനീസ് കേബിളാണ് ഉപയോഗിച്ചതെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ സമ്മതിക്കുന്നു. ചൈനീസ് കേബിള്‍ ഉപയോഗിച്ചു എന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ സമ്മതിച്ചു. ചൈനീസ് കേബിളെന്നു പറഞ്ഞതു പ്രതിപക്ഷമല്ല, കെ എസ് ഇ ബിയാണ്. കേബിള്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നു.
ഉന്നത വിദ്യാഭ്യാസ രംഗം പൊതു സമൂഹത്തിനു മുന്നില്‍ അപമാനിക്കപ്പെട്ടു. പോലീസിന്റെ കൈയ്യും കാലും കെട്ടിയിരിക്കയണ്. കോടതിയും പോലീസും എല്ലാം പാര്‍ട്ടി തന്നെ. എന്‍ ഐ സി തെറ്റുവരുത്താറുണ്ടെങ്കില്‍ ആര്‍ഷോ വിജയിച്ച മാര്‍ക്ക് ലിസ്റ്റ് കോളേജിന്റെ വെബ് സൈറ്റില്‍ എങ്ങിനെ വന്നു എന്നു പ്രിന്‍സിപ്പല്‍ പറയണം. വിദ്യക്കു വ്യാജ സര്‍ട്ടിഫിക്കറ്റിനുവേണ്ടി സഹായം ചെയ്തത് ആര്‍ഷോ ആണ്. പി എച്ച് ഡി സംവരണമില്ലെന്നു മുന്‍ വി സി ധര്‍മരാജ് അടാട്ട് പറഞ്ഞതു തെറ്റാണെന്നു തെളിഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തത് ആരാണെന്നു പുറത്തുവരണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്സിനു 2004ലെ ഗതി 2024ലും വരും: കെ മുരളീധരന്‍
കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായാല്‍ 2004ലെ ഗതി 2024ലും വരുമെന്നു കെ മുരളീധരന്‍. കോണ്‍ഗ്രസ്സില്‍ പുനസ്സംഘടന എല്ലാ കാലത്തും ഇങ്ങനെ ആയിരുന്നു. ഇപ്പോഴുള്ള തര്‍ക്കം കേരളത്തില്‍ തന്നെ തീര്‍ക്കാവുന്നതാണ്. എല്ലാ കാര്യത്തിനും ഹൈക്കമാന്റിനെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല. കൂടിയാലോചനക്ക് നേതാക്കള്‍ വിളിച്ചാല്‍ പങ്കെടുക്കും. പരസ്യമായി ഗ്രൂപ്പ് യോഗങ്ങള്‍ ചേരുന്നതില്‍ താല്‍പര്യമില്ല.
പുനസ്സംഘടന സംബന്ധിച്ചു മുതിര്‍ന്ന നേതാക്കളാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ മാറിനിന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ല. ലോക സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുപോലും കോണ്‍ഗ്രസ്സിനു പ്രശ്നമുണ്ടാവില്ല. പഴയപോലെ ഗ്രൂപ്പ് സംഘര്‍ഷത്തിലേക്കു പോയാല്‍ പഴ പരാജയം ആവര്‍ത്തിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വി ഡി സതീശനെതിരായി പാര്‍ട്ടിയില്‍ സംഘടിത നീക്കം നടക്കുമ്പോള്‍തന്നെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണവും നടത്തുന്നു. ഈ സാഹചര്യത്തില്‍ വി ഡി സതീശന്റെ രക്ഷക്ക് എത്തുകയാണ് മുരളീധരന്‍. സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ കെ മുരളീധരന്‍ എം പി തള്ളി. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട എന്നും സര്‍ക്കാരിലെ പലരും ഭാവിയില്‍ അഴിയെണ്ണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശിക്കുന്നവരെ പ്രതിരോധത്തിലാക്കി കക്കാനുള്ള ഗൂഢതന്ത്രമാണ് സര്‍ക്കാരിന് എന്നും കെ. മുരളീധരന്‍ പറഞ്ഞു.

