ലുധിയാന : കൊടുംകുറ്റവാളികൾക്കായി ഡിജിറ്റൽ ജയിൽ സ്ഥാപിക്കാനൊരുങ്ങി പഞ്ചാബ് സർക്കാർ. ഭീകരർ ഉൾപ്പെടെയുള്ള കുറ്റവാളികളെ പാർപ്പിക്കാൻ ജയിൽ സമുച്ചയത്തിനുള്ളിൽ അൻപത് ഏക്കറിൽ അതീവ സുരക്ഷയോടെയാകും ഡിജിറ്റൽ ജയിൽ സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി ഭഗ്വവന്ത് മൻ പറഞ്ഞു. ഡിജിറ്റൽ ജയിൽ സ്ഥാപിക്കുന്നതിനൊപ്പം ജയിൽ വകുപ്പിൽ 351 പുതിയ തസ്തികകൾ സൃഷ്ടിക്കും. ഒപ്പം പ്രത്യേക വനിതാ ജയിലും നിർമിക്കും. ഇതിനായുള്ള ഫണ്ടിന് ക്ഷാമമില്ലെന്നും പഞ്ചാബിലെ ജയിലുകൾ ശക്തിപ്പെടുത്താനും നവീകരിക്കാനും എല്ലാ ശ്രമങ്ങളും നടത്തുമെന്നും മാൻ പറഞ്ഞു
ലുധിയാനയ്ക്ക് സമീപം ഡിജിറ്റൽ ജയിൽ സ്ഥാപിക്കുന്നതിന് കേന്ദ്രം 100 കോടി രൂപ അനുവദിച്ചു. ലഡ്ഡ കോത്തിയിൽ പുതുതായി റിക്രൂട്ട് ചെയ്ത ജയിൽ വാർഡർമാർക്കുള്ള നിയമന കത്തും കൈമാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയിലിൽ ജഡ്ജിമാർക്കായി പ്രത്യേക ക്യാബിനുകളുമുണ്ടാകും. ഭീകരരുൾപ്പെടുന്ന കുറ്റവാളികളെ കോടതികളിൽ ഹാജരാക്കാതെ തന്നെ കേസുകൾ കേൾക്കാൻ അനുവദിക്കുന്നതാണ് ഈ സംവിധാനം.
പൊലീസുകാർക്കുള്ള പ്രത്യേക പരിശീലനമുൾപ്പെടെ വിവിധ പരിഷ്‌കാരങ്ങൾക്കൊപ്പം ശാസ്ത്രീയമായ രീതിയിൽ പൊലീസ് സേനയെ നവീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് ഭഗ്വവന്ത് മൻ പ്രതികരിച്ചു. ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഹൈടെക് ജാമറുകളും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കും. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ പഞ്ചാബ് പൊലീസിൽ ആന്റി ഡ്രോൺ സാങ്കേതികവിദ്യയും അവതരിപ്പിക്കും.