ഇംഫാൽ: മണിപ്പൂരിലെ കാക്ചിങ് ജില്ലയിൽ കുകി അക്രമികൾ ഉപയോഗിച്ചിരുന്ന ക്യാംപിന് തീയിട്ട് നാട്ടുകാർ. യുണൈറ്റഡ് കുകി ലിബറേഷൻ ഫ്രണ്ട് പ്രവർത്തകരുടെ ക്യാംപാണ് നാട്ടുകാർ കത്തിച്ചത്. കലാപകാലത്ത് സുഗ്നുവിനെ എംഎൽഎ കെ.രഞ്ജിത്തിന്റേതടക്കം ഒഴിഞ്ഞു കിടന്ന 100 വീടുകൾക്കാണ് കുകി അക്രമികൾ തീയിട്ടത്.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളായി അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ തുടർന്നിരുന്നു. ഞായറാഴ്ച ബിഎസ്എഫ്, ഇന്ത്യ റിസർവ് ബറ്റാലിയൻ എന്നിവരും നാട്ടുകാരും ചേർന്നു സംയുക്തമായി നടത്തിയ വെടിവയ്പ്പിനെത്തുടർന്ന് അക്രമികൾ ഉപേക്ഷിച്ചു പോയ ക്യാംപിനാണ് രോഷാകുലരായ നാട്ടുകാർ തീയിട്ടത്.
സംഘത്തിലേക്ക് പുതുതായി എത്തുന്നവർക്ക് പരിശീലനം നൽകുന്നതിനുള്ള സൗകര്യവും ക്യാംപിലുണ്ടായിരുന്നു. പടിഞ്ഞാറൻ ഇംഫാലിലും അക്രമികളുമായി ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അതേ സമയം ലംഗോളിൽ അജ്ഞാതർ വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.
98 പേരുടെ ജീവനെടുത്ത കലാപത്തിൽ 310 പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. 37,450 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ്. സംസ്ഥാനത്ത് 272 ക്യാംപുകളാണ് തുറന്നിരിക്കുന്നത്.

