മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. മഞ്ചേശ്വരം കളായിയിലെ 40 വയസുകാരനായ പ്രഭാകര നോണ്ടയാണ് മരിച്ചത്. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതി ഒളിവിലാണ്. 2023 ജൂൺ 2 ശനിയാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്.
സഹോദരൻ ജയറാം നോണ്ട കത്തി ഉപയോഗിച്ച് അനിയനെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രഭാകര നോണ്ട താമസിക്കുന്ന വീട്ടിൽ വച്ചാണ് കൊല്ലപ്പെട്ടത്. കഴുത്തിലും നെഞ്ചിലുമടക്കം നിരവധി കുത്തുകൾ ഏറ്റിട്ടുണ്ട്. കുടുംബ കലഹത്തെ തുടർന്നാണ് ക്രൂരകൃത്യം നടന്നതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട പ്രഭാകര നോണ്ടയും അമ്മയും ജയറാം നോണ്ടയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
കൊലക്കേസിൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട പ്രഭാകര നോണ്ട. ജയറാം നോണ്ടയും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ഡിവൈഎസ്പി സുധാകരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി മനോജ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.കൊലപാതകത്തിന് ശേഷം പ്രതി ജയറാം ഒളിവിൽ പോയി. ഇയാൾ കർണാടകത്തിലേക്ക് കടന്നതായാണ് പൊലീസ് നിഗമനം. മൂന്ന് സംഘങ്ങളായി തെരിഞ്ഞ് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

