ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മുതലായ ലോകനേതാക്കൾ ദുഖവും നടുക്കവും രേഖപ്പെടുത്തി. ദുരന്തത്തിൽ മരണപ്പെടുന്നവരുടെ വേദനയിൽ പങ്കുചേരുന്നതായും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നതായും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും പുടിൻ ബന്ധപ്പെടുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
നൂറിലധികം പേർ ട്രെയിൻ ദുരന്തത്തിൽ മരിച്ച വാർത്ത വേദനിപ്പിച്ചെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു. പരുക്കേറ്റവർ സുഖംപ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
ഒഡിഷയിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും വിഡിയോകളും ഹൃദയം തകർക്കുന്നുവെന്ന് ജസ്റ്റിൻ ട്രൂഡോയും പ്രതികരിച്ചു. ഈ മോശം കാലത്ത് കനേഡിയൻ ജനത ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.