ദില്ലി : രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിൽ വിരിച്ച കാർപ്പെറ്റുകൾ നിർമിക്കാൻ ന്യൂസിലാൻഡിൽ നിന്ന് ഇറക്കുമതി ചെയ്തത് 20000 കിലോ കമ്പിളിനൂൽ. 2023 മെയ് മാസം 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രോ ജക്ടിന് പിന്നിൽ പ്രവർത്തിച്ച ഒബീടി കാർപെറ്റ്‌സിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ന്യൂസിലൻഡിന്റെ വടക്കുനിന്നും തെക്കുനിന്നും ശേഖരിച്ച മികച്ച കമ്പിളിനൂലാണ് പരവതാനികൾ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് ഒബീടി കാർപെറ്റ്‌സിലെ പ്രൊഡക്ഷൻ വിഭാഗം തലവൻ സുധീർ റായ് പറഞ്ഞു. നല്ല തിളക്കമുള്ളതും കൂടുതൽ കാലം കേടുകൂടാതെ നിൽക്കുന്നതുമായ ഗുണനിലവാരമുള്ള കമ്പിളി നൂലുകളാണ് ന്യൂസിലാൻഡിൽ നിന്നും എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിക്കാനീറിലെ ഒരു സ്പിന്നിംഗ് മില്ലിൽ തങ്ങളുടെ കൃത്യമായ മേൽനോട്ടത്തിലാണ് ഓരോ ഇഴകളും നിർമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭയിലേയും ലോക്‌സഭയിലേയും പരവതാനികളിൽ വ്യത്യസ്ത ഡിസൈനുകളാണ് നൽകിയിരിക്കുന്നത്. ലോക്‌സഭയിൽ വിരിച്ചിരിക്കുന്ന പരവതാനിയിലെ മയിൽ രൂപത്തിൽ 38 നിറങ്ങളാണ് ഉപയോഗിച്ചത്. രാജ്യസഭയിലെ പരവതാനികളിലുള്ള താമരയുടെ രൂപത്തിൽ പിങ്ക് മുതൽ കടുംചുവപ്പ് വരെയുള്ള 12 വ്യത്യസ്ത നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. 314 തറികളും 900ലധികം നെയ്ത്തുകാരുമാണ് പരവതാനി നിർമിക്കാൻ ആവശ്യമായി വന്നതെന്നും ഒബീടി കാർപെറ്റ്‌സ് അറിയിച്ചു

