മഞ്ഞ ലോഹം 60,000ത്തിലെത്തുമോ?

2022 നവംബര്‍ മുതല്‍ സ്വര്‍ണ വിലയില്‍ വലിയ ഉയര്‍ച്ചയാണ്. ആഗോള തലത്തിലെ ചില വ്യതിയാനങ്ങളും സംഭവ വികാസങ്ങളുമാണ് സ്വര്‍ണ വില ഉയരുന്നതിന് പിന്നില്‍. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നുവെന്ന വര്‍ത്തമാനത്തിന് പിന്നാലെ നവംബറില്‍ സ്വര്‍ണം 8 ശതമാനം ഉയര്‍ന്നത് ഉദാഹരണം. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനു ശേഷം ചൈനയുടെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകാവുന്ന പുരോഗതിയും ആഗോള വിപണികളില്‍ പ്രധാന കേന്ദ്ര ബാങ്കുകളുടെ പുതിയ ഘട്ട ഫണ്ടിംഗ് സാധ്യതകളും സ്വര്‍ണ്ണ വില ഭാവിയില്‍ ഉയരുന്നതിനു കാരണമാകും. അതിനാല്‍ 2022 നെ അപേക്ഷിച്ച് 2023 സ്വര്‍ണത്തിന് കൂടുതല്‍ മുന്നേറ്റമുണ്ടക്കാന്‍ കഴിയുന്ന ഒരു വര്‍ഷമായിരിക്കുമെന്നാണ് ഞാന്‍ കുരുതുന്നത്. സാമ്പത്തിക മാന്ദ്യം തുടരുന്നതിനാല്‍ ഫെഡ് 2022 ലേതു പോലെ നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ അത്ര കഠിന നിലപാട് എടുക്കില്ല. നിരിച്ച് പോക്ക് ഉണ്ടായേക്കാം. എന്നാല്‍ 23 ല്‍ പലിശനിരക്കില്‍ കുറവ് വരുത്തിയേക്കാം.

2022 ഒക്ടോബറില്‍ അമേരിക്കയിലെ 27 സംസ്ഥാനങ്ങള്‍ നെഗറ്റീവ് വളര്‍ച്ചയാണ് കോയിന്‍സിഡന്റ് ഇന്‍ഡക്സില്‍ (സംസ്ഥാനത്തിന്റെ/ രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി മനസിലാക്കാന്‍ ഉതകുന്ന സ്റ്റാറ്റസ്റ്റിക് സമ്മറി) റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് മാന്ദ്യത്തിന്റെ തോത് മനസിലാക്കുവാന്‍ ഉപയോഗിക്കുന്നത്.
ഏതു സാഹചര്യമാണെങ്കിലും ഉയര്‍ന്ന പണപ്പെരുപ്പം മൂലം സമ്പദ് വ്യവസ്ഥ സ്റ്റാഗ്‌നേഷന്റെ (സ്തംഭനാവസ്ഥ അഥവാ വളര്‍ച്ചാ മുരടിപ്പ്) അവസ്ഥയിലാണ്. ഉയര്‍ന്ന പണപ്പെരുപ്പവും സ്തംഭനാവസ്ഥയും ചേരുമ്പോള്‍ അത് സ്റ്റാഗ്ഫ്ളേഷനിലേക്ക് പോകുകയും അത്തരം അവസ്ഥ സ്വര്‍ണത്തിന് പൊതുവേ അനുകൂലമാകുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന അടുത്തഘട്ട സാമ്പത്തിക പ്രതിസന്ധിയും സ്വര്‍ണത്തിന് സാധ്യത തുറന്നിടുന്നു. ഉയര്‍ന്ന പലിശ നിരക്ക് മൂലം പൊതു-സ്വകാര്യ വായ്പകള്‍ ആകര്‍ഷകമല്ലാതെ ബാധ്യത കൂടുകയാണ്.

ദേശിയ വിപണിയില്‍

ഇനി ആഭ്യന്തര വിപണിയിലേക്ക് വന്നാല്‍, 2022 ല്‍ ഏഷ്യന്‍ കറന്‍സികളില്‍ ഡോളറിനെതിരെ ഏറ്റവുമധികം മൂല്യമിടിഞ്ഞത് രൂപയ്ക്കായിരുന്നു. ഡോളറിനെതിരെ 12 ശതമാനത്തോളമാണ് ഇടിഞ്ഞത്. ആഭ്യന്തര വിപണിയില്‍ നിന്നും, ബോണ്ട് മാര്‍ക്കറ്റില്‍ നിന്നും വന്‍ തോതില്‍ നിക്ഷേപം പിന്‍വലിച്ചതാണ് മൂല്യമിടിയുന്നതിനുള്ള പ്രധാന കാരണം. ഡോളര്‍ ശക്തി പ്രാപിച്ചതും ഒരു കാരണമാണ്.ആഗോള പണപ്പെരുപ്പവും, സാമ്പത്തിക പ്രതിസന്ധികളും ഉയര്‍ത്തുന്ന റിസ്‌ക്ക് സാധ്യത നിലനിന്നാല്‍ 2023 ല്‍ ഡോളറിനെതിരെ രൂപ 80 -85 രൂപയില്‍ വ്യാപാരം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഉത്സവ കാലത്തെ ശക്തമായ ഡിമാന്‍ഡ് സ്വര്‍ണ്ണ വിലയെ പിന്തുണയ്ക്കും എന്നതിനാല്‍ ഈ വര്‍ഷം റെക്കോര്‍ഡ് വര്‍ധനയായ 10 ഗ്രാമിന് 60,000 രൂപ എന്ന നിലയിലേക്ക്എത്തും.

വിലയിലെ മാറ്റം ഇങ്ങനെ

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണം 10 ഗ്രാമിന് 1800 ഡോളര്‍ (48,000 രൂപ) എന്ന നിലയിലാണ് 2022 തുടങ്ങിയത്. പിന്നീട് മാര്‍ച്ചില്‍ അത് 2076 ഡോളറിലേക്ക് (55,000 രൂപ) കുതിക്കുകയും ഓഗസ്റ്റില്‍ 1620 (49,000 രൂപ ) ആയി കുറയുകയും ചെയ്തു. എന്നാല്‍, ഡിസംബറില്‍ വില വീണ്ടും 1800 ഡോളര്‍ എന്ന നിലയിലേക്ക് തിരിച്ചെത്തി. സ്വര്‍ണ നിക്ഷേപത്തില്‍ ഈ വര്‍ഷം അതുവരെയുള്ള എല്ലാ നേട്ടങ്ങളും നഷ്ടങ്ങളും അങ്ങനെ റദ്ദായി. വര്‍ഷാരംഭത്തിന്റെ നിലയിലേക്ക് തന്നെ അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണമെത്തി. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ഇപ്പോള്‍ സ്വര്‍ണ വില 54,500 രൂപയ്ക്ക് അടുത്താണ്. ഇത് ഏകദേശം 15 ശതമാനം റിട്ടേണിന് തുല്യമാണ്. ഡോളറുമായുള്ള രൂപയുടെ വിനിമയത്തില്‍ ഏതാണ്ട് അതേ നിരക്കില്‍ കുറവുണ്ടായതുകൊണ്ടാണ് ഇത്. സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, പണപ്പെരുപ്പം 9 ശതമാനം എത്തിയപ്പോള്‍ ഫെഡറല്‍ റിസേര്‍വ് പലിശ നിരക്കുയര്‍ത്തി. യൂറോപ്യന്‍ കേന്ദ്ര ബാങ്കും ഇതുപോലുള്ള കടുത്ത നിലപാടാണ് സ്വീകരിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെഡ് 4 ശതമാനമാനത്തിന് മുകളില്‍ അതായത്, 4.50 ശതമാനമാനത്തിലേക്കാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് ബോണ്ട് യീല്‍ഡും ഡോളറിന്റെ മൂല്യവും വര്‍ധിക്കുകയും ക്രിപ്റ്റോ കറന്‍സികള്‍ കുത്തനെ ഇടിയുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം