ആലപ്പുഴ : ചെങ്ങന്നൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിനുള്ളിൽ കുടുങ്ങിയ വയോധികൻ മരിച്ചു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാനാണ് മരണത്തിന് കീഴടങ്ങിയത്. 12 മണിക്കൂറിലെ രക്ഷാപ്രവർത്തനത്തിനൊടുവിലായിരുന്നു ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. അപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും യോഹന്നാന്റെ ജീവൻ രക്ഷിക്കാനായില്ല. 2023 മെയ് 30ന് രാവിലെ 9 മണിയോടെ ആയിരുന്നു റിംഗുകൾ ഇടിഞ്ഞ് ഇദ്ദേഹം കിണറിൽ കുടുങ്ങിയത്
വിവരം അറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് 12 മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലായിരുന്നു യോഹന്നാനെ പുറത്തെടുത്തത്. മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. മഴ ഉൾപ്പടെയുള്ള പ്രതികൂല ഘടകങ്ങളെ തരണം ചെയ്തായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായാണ് കോടുകുളഞ്ഞി ജംഗ്ഷനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യോഹന്നാൻ. കിണറിനുള്ളിൽ വളർന്നു നിന്ന കാടും പടപ്പും പറിച്ച് വൃത്തിയാക്കുന്നതിനിടെ കിണറിൻറെ സിമിൻറ് റിംഗുകൾ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.