സ്കൂള്‍ അധികൃതര്‍ വാഹന വിവരങ്ങള്‍ സുരക്ഷാ മിത്രയില്‍ രേഖപ്പെടുത്തണം

വിദ്യാര്‍ത്ഥികളുമായി വരുന്ന സ്‌കൂള്‍ ബസുകളുടെ ഗതി അറിയാന്‍ രക്ഷിതാക്കള്‍ക്ക് സൗകര്യമൊരുക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വിദ്യാവാഹന്‍ മൊബൈല്‍ ആപ്പ് പാലക്കാട് ജില്ലയില്‍ നിര്‍ബന്ധമാക്കി. ആപ്പിലൂടെ സ്‌കൂള്‍ ബസ് എവിടെയെത്തി, വാഹനത്തിന്റെ സഞ്ചാരം, വേഗം തുടങ്ങിയവയെല്ലാം കൃത്യമായി മനസിലാക്കാം. കൂടാതെ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ഉടന്‍ വിവരം എത്തും. സ്‌കൂള്‍ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ സുരക്ഷാമിത്ര സോഫ്റ്റ്വെയറില്‍നിന്നുള്ള വിവരങ്ങളാണ് വിദ്യാവാഹനില്‍ ലഭിക്കുക. രക്ഷിതാക്കള്‍ വിദ്യാവാഹന്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. സ്‌കൂളില്‍ നല്‍കിയ രക്ഷിതാക്കളുടെ മൊബൈല്‍ നമ്പര്‍ വഴിയാണ് ആപ്ലിക്കേഷനില്‍ പ്രവേശിക്കേണ്ടത്. വിദ്യാവാഹന്‍ ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് സ്‌കൂളുകള്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആര്‍.ടി.ഒ. ടി.എം. ജേഴ്‌സണ്‍ അറിയിച്ചു.

സ്‌കൂള്‍ അധികൃതര്‍ സുരക്ഷാ മിത്ര വെബ് പോര്‍ട്ടലില്‍ (https://tracking.keralamvd.gov.in/) ലോഗിന്‍ ചെയ്ത് ബസ് വിവരങ്ങള്‍ രേഖപ്പെടുത്തണം. ബസ് നമ്പര്‍, റൂട്ട്, സീറ്റ് കപ്പാസിറ്റി തുടങ്ങിയവയെല്ലാം ഇതില്‍ അപ്ഡേറ്റ് ചെയ്യണം. ശേഷം സേവ് ചെയ്താല്‍ ഈ വിവരങ്ങളെല്ലാം പാരന്റ് ബസ് മാപ്പിങ് എന്ന പേജില്‍ ദൃശ്യമാകും. ശേഷം സ്‌കൂള്‍ ബസ് മാനേജ്മെന്റ് എന്ന മെനുവില്‍ നിന്നും പാരന്റ് ബസ് മാപ്പിങ് തെരഞ്ഞെടുക്കണം. വാഹനത്തിന്റെ നമ്പര്‍ ഉള്ള പട്ടികയും രക്ഷിതാവിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ട ബട്ടണും ദൃശ്യമാകും. ഇവിടെ വാഹനത്തിന്റെ നമ്പര്‍ തെരഞ്ഞെടുത്തശേഷം രക്ഷിതാവിന്റെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തണം.

വിദ്യാവാഹന്‍ ആപ്പ് ഉപയോഗം ഇങ്ങനെ

പ്ലേ സ്റ്റോറില്‍ നിന്നും വിദ്യാവാഹന്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. സ്‌കൂളില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പി. വഴി ആപ്പിലേക്ക് പ്രവേശിക്കാം. ഒ.ടി.പി. വെരിഫിക്കേഷന് ശേഷം ലോഗിന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വിദ്യാവാഹന്‍ ഹോംപേജ് കാണാം. ഇതില്‍ രക്ഷിതാക്കളുടെ മൊബൈല്‍ നമ്പറിന് താഴെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ പട്ടിക ദൃശ്യമാകും. വാഹനത്തിന് നേരെയുള്ള ലൊക്കേറ്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതോടെ വാഹനത്തെ ട്രാക്ക് ചെയ്യാനാകും. വാഹന നമ്പര്‍, തീയതി, സമയം, വേഗത തുടങ്ങിയവയെല്ലാം ഇതിലൂടെ മനസിലാക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →