ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ ബി ജെ പി എം പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനിടെ സംഘര്‍ഷം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പാര്‍ലിമെന്റിന്റെ പുതിയ മന്ദിരം വളയുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ നിന്ന് പുറത്തുകടക്കാതിരിക്കാന്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത് മറികടന്ന് മുന്നോട്ടു കുതിച്ച താരങ്ങളെ ആദ്യം പുരുഷ പോലീസും പിന്നീട് വനിതാ പോലീസും തടയുകയായിരുന്നു. ദേശീയ പതാകയേന്തി താരങ്ങള്‍ മാര്‍ച്ച് തുടങ്ങിയിട്ടുണ്ട്. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയാണ്. റോഡില്‍ കുത്തിയിരുന്ന് താരങ്ങള്‍ പ്രതിഷേധമാരംഭിച്ചിട്ടുണ്ട്.പോലീസ് സാക്ഷി മാലിക്കിനെ കൈയേറ്റം ചെയ്തുവെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. റോഡിലൂടെ വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റിയെന്നാണ് ആരോപണം.
പാര്‍ലിമെന്റിന്റെ പുതിയ മന്ദിരം വളഞ്ഞ് വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് ഗുസ്തി താരങ്ങളും കര്‍ഷക സംഘടനകളും പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ പോലീസ് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് സജ്ജീകരിച്ചത്. ഡല്‍ഹി അതിര്‍ത്തികള്‍ പോലീസ് അടച്ചു. തിക്രി, ഖാസിപ്പുര്‍, സിന്‍ഘു അതിര്‍ത്തികളില്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചു. കര്‍ശന വാഹന പരിശോധനക്കും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
പിന്നീട് ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലീസ് അനുവദിച്ചില്ല. സമരത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി അംഗങ്ങളെ അംബാല അതിര്‍ത്തിയിലും തടഞ്ഞുവച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബ്രിജ് ഭൂഷണ്‍ സിങിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.