പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തെ പരിഹസിച്ച് ആർജെഡി ട്വിറ്ററിൽ പങ്കുവച്ച ചിത്രം വിവാദമാകുന്നു. പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയാണ് ആർജെഡിയുടെ വിവാദ ട്വീറ്റ്. യേ ക്യാ ഹൈ എന്ന ഹിന്ദി പരിഹാസത്തിനൊപ്പമാണ് ആർജെഡിയുടെ വിവാദ ട്വീറ്റ്.
ട്വീറ്റ് പുറത്തെത്തിയതിന് പിന്നാലെ ആർജെഡിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. ആർജെഡിയുടെ ഇപ്പോഴത്തെ നിലവാരം എന്താണെന്ന് മനസിലാക്കാൻ സഹായിക്കുന്നതാണ് ട്വീറ്റെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനേവാല ട്വീറ്റ് ചെയ്തു. ആർജെഡിയുടെ പ്രതികരണം വളരെ മോശമായിപ്പോയി. ഇത് ആർജെഡിയുടെ രാഷ്ട്രീയത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായിി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ജനാധിപത്യം കുഴിച്ചുമൂടപ്പെടുകയാണെന്നതിനെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതാണ് ആർജെഡിയുടെ ട്വീറ്റെന്ന് ആർജെഡി നേതാവ് ശക്തി സിംഗ് യാദവ് വിശദീകരിച്ചു. ഞങ്ങളുടെ ട്വീറ്റിലെ ശവപ്പെട്ടി കുഴിച്ചുമൂടപ്പെട്ട ജനാധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യം ജനാധിപത്യത്തെ കുഴിച്ചുമൂടാൻ അനുവദിക്കില്ലെന്നാണ് ഞങ്ങൾ സൂചിപ്പിക്കുന്നത്. പാർലമെന്റ് എന്നത് ജനാധിപത്യത്തിന്റെ ക്ഷേത്രമാണ്. അത് ചർച്ചകൾക്കുള്ള സ്ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

