തിരുവനന്തപുരം: പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലിയുടെ പശ്ചാത്തലത്തിൽ വില്ലേജ് ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും ഒഴിവാക്കാൻ നടപടിയുമായി റവന്യൂ വകുപ്പ്. നിലവിലുള്ള സേവന അവകാശ നിയമം കർശനമായി നടപ്പാക്കാനാണ് തീരുമാനം. നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റുകളും സേവനങ്ങളും നൽകണം. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. ലാന്റ് റവന്യൂ കമ്മിഷണറുടേതാണ് നിർദ്ദേശം. സർട്ടിഫിക്കറ്റുകൾ ഇ സേവനം വഴിയാക്കി ജനങ്ങൾ ഓഫീസുകളിലേക്ക് നേരിട്ടെത്തുന്നത് പരമാവധി ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
കൈക്കൂലി വാങ്ങാനും അഴിമതി നടത്താനുമുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിനായാണ് സേവന അവകാശ നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മിഷണർ വില്ലേജുകൾക്കും തഹസീൽദാർമാർക്കും നിർദ്ദേശം നൽകി. സേവന അവകാശ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റും സേവനങ്ങളും നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടിയുണ്ടാകും.
സർക്കാരിൽ നിന്ന് വിവിധ ആനുകൂല്യങ്ങൾ ലഭിക്കാനായി ജനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾക്ക് മുൻഗണന നൽകണം. കൈവശാവകാശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ മാപ്പ് എന്നിവ അഞ്ചു ദിവസത്തിനകം നൽകണം. ജാതി സർട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനകവും വരുമാന സർട്ടിഫിക്കറ്റ് ആറു ദിവസത്തിനകവും നൽകണം. ആശ്രിത സർട്ടിഫിക്കറ്റും അഗതി സർട്ടിഫിക്കറ്റും അഞ്ചു ദിവസത്തിനകം നൽകണം. നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഒരാഴ്ചക്കകം നൽകണം. വാല്യൂവേഷൻ സർട്ടിഫിക്കറ്റ് 15 ദിവസത്തിനകവും കുടുംബാംഗ സർട്ടിഫിക്കറ്റ് ആറു ദിവസത്തിനകവും സ്ഥിര താമസ സർട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനകവും നൽകണമെന്നാണ് നിർദ്ദേശം.

