തിരുവനന്തപുരം∙അരുമയായി മുഖ്യമന്ത്രിയുടെ കയ്യിലിരിക്കുന്ന തത്തയും ചെറുചിരിയോടെ അതിനെ സാകൂതം നോക്കുന്ന മുഖ്യമന്ത്രിയും. മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാൾ ദിനത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രമാണിത്. ‘കരുത്തോടെ നേരു കാക്കുന്ന സഖാവിനു ജന്മദിനാശംസകൾ’ എന്ന വാചകത്തിനൊപ്പം പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി ഒരു വെള്ളത്തത്തയെ (കോക്കറ്റൂ വൈറ്റ് പാരറ്റ്) കൈത്തണ്ടയിൽ വച്ചു നിൽക്കുന്ന ചിത്രം മന്ത്രി മുഹമ്മദ് റിയാസിന്റെ പത്നിയും മുഖ്യമന്ത്രിയുടെ മകളുമായ വീണയാണ് ഏതാനും മാസം മുൻപു ക്ലിഫ് ഹൗസിൽ വച്ചു പകർത്തിയത് .മുഖ്യമന്ത്രിയുടെ 78–ാം പിറന്നാൾ ദിനത്തിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും സമൂഹമാധ്യമപേജുകൾ ചിത്രംകൊണ്ട് ആഘോഷമാക്കി.
രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, കേന്ദ്ര മന്ത്രി അമിത്ഷാ എന്നിവർ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ആശംസ നേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വശർമ,കേന്ദ്രമന്ത്രിമാരായ നിഥിൻ ഗഡ്കരി, രാജീവ് ചന്ദ്രശേഖർ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ തുടങ്ങിയവരും ആശംസയറിയിച്ചു. …

