കൊച്ചി : കേരള ഹൈക്കോടതി അതിന്റെ ചരിത്രത്തിൽ ആദ്യമായി കേസിലെ ശിക്ഷാ വിധിയ്ക്ക് മുമ്പേ മിറ്റിഗേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. വധശിക്ഷയ്‌ക്കെതിരായ അപ്പീൽ പരിഗണിക്കുന്നതിന് മുമ്പേയാണ് മിറ്റിഗേഷൻ അന്വേഷണ റിപ്പോർട്ട് പരിശോധിക്കാനുള്ള കോടതിയുടെ സുപ്രധാന തീരുമാനം. എന്താണ് മിറ്റിഗേഷൻ അന്വേഷണം? ഇതുണ്ടാക്കുന്ന മാറ്റമെന്താണ്?
ഒരു കേസിന്റെ സാഹചര്യം, പശ്ചാത്തലം എന്നിവ സംബന്ധിച്ച സൂക്ഷ്മമായ പഠനമാണ് മിറ്റിഗേഷൻ അന്വേഷണം. ഈ അന്വേഷണ റിപ്പോർട്ടിനൊപ്പം കുറ്റവാളിയുടെ സ്വഭാവത്തെപ്പറ്റി ജയിൽ അധികൃതർ നൽകുന്ന റിപ്പോർട്ടും കോടതി പരിശോധിക്കും. കേസിൽ കോടതിയുടെ മുമ്പിലുണ്ടാവുക പ്രോസിക്യൂഷൻ നൽകുന്ന വിവരങ്ങളും അത് മറികടക്കാനുള്ള കുറ്റവാളിയുടെ വാദങ്ങളുമാണ്. ഇതിനുമപ്പുറം എന്താണ് യഥാർത്ഥ സാഹചര്യങ്ങളെന്ന് കോടതിക്ക് മനസിലാക്കാനാണ് മിറ്റിഗേഷൻ അന്വേഷണങ്ങളെ ആശ്രയിക്കുന്നത്. കുറ്റവാളികളുടെ സാമൂഹിക സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് മിറ്റിഗേഷൻ അന്വേഷണം നടത്തേണ്ടത്.
കേരള ഹൈക്കോടതിയുടെ ചരിത്രപരമായ തീരുമാനം
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നീ കേസുകളിൽ കുറ്റവാളികൾക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും, ശിക്ഷാവിധിക്കെതിരെ കുറ്റവാളികൾ നൽകിയ അപ്പീലും ഹൈക്കോടതി യുടെ പരിഗണനയിലാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമേ വധശിക്ഷ പാടുള്ളൂ എന്നതാണ് സുപ്രീംകോടതി നിർദേശം (ബച്ചൻ സിങ് V/S സ്റ്റേറ്റ് ഓഫ് പഞ്ചാബ് 1980). ഈ സാഹചര്യം കേസിൽ ഉണ്ടായിട്ടുണ്ടോ എന്ന് മനസിലാക്കാൻ മിറ്റിഗേഷൻ അന്വേഷണ റിപ്പോർട്ട് കോടതിയെ സഹായിക്കും.
കേരള ഹൈക്കോടതി ഉത്തരവ്
2023 മെയ് 11 -ലെ ഉത്തരവിൽ, ദില്ലി നാഷണൽ ലോ യൂണിവേഴ്‌സിറ്റി റിസർച്ച് ആൻഡ് ലീഗൽ എയ്ഡ് കേന്ദ്രത്തിന്റെ പ്രൊജക്റ്റ് 39 മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 2 പേരെ, മിറ്റിഗേഷൻ അന്വേഷണത്തിനായി ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ചുമതലപ്പെടുത്തി. 2 കേസുകളിലും വിചാരണ കോടതികൾ വിധിച്ച വധശിക്ഷയ്ക്ക് ഹൈക്കോടതി അംഗീകാരം തേടിയുള്ള നടപടിക്കിടെ (Death Penalty Reference) ആണ് മിറ്റിഗേഷൻ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. സി. പി. ശ്രുതി, നൂറിയ അൻസാരി എന്നിവർക്കണ് മിറ്റിഗേഷൻ അന്വേഷണത്തിന്റെ ചുമതല. സൗജന്യ സേവനമാണ്, പ്രതിഫലം ലഭിക്കില്ല.
ആറ്റിങ്ങൽ ഇരട്ടക്കൊലയിൽ ശിക്ഷിക്കപ്പെട്ട നിനോ മാത്യു, ജിഷ വധക്കേസിലെ കുറ്റവാളി മുഹമ്മദ് അമീറുൾ ഇസ്ലാം എന്നിവരുടെ മിറ്റിഗേഷൻ അന്വേഷണമാണ് നടത്തേണ്ടത്. റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്ട്രിയിൽ സമർപ്പിക്കണം. വധശിക്ഷയ്‌ക്കെതിരായ 2 പേരുടെയും അപ്പീലിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് റിപ്പോർട്ട് പരിശോധിക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. റിപ്പോർട്ടിലെ വിവരങ്ങൾ അപ്പീലിലെ തീരുമാനത്തെ സ്വാധീനിക്കാതിരിക്കാനാണിത്.
2 കേസുകളിലും, വിചാരണക്കോടതി കണ്ടെത്തിയ കുറ്റങ്ങൾ ഹൈക്കോടതി അംഗീകരിക്കുന്ന സാഹചര്യമുണ്ടായാൽ ശിക്ഷാവിധിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് കോടതി മിറ്റിഗേഷൻ അന്വേഷണ റിപ്പോർട്ട് പരിശോധിക്കും. വധശിക്ഷ നിലനിർത്തണോ, അതോ ജീവപര്യന്തമായി കുറയ്ക്കണമോ എന്നത് മിറ്റിഗേഷൻ റിപ്പോർട്ടിനെ കൂടി അടിസ്ഥാനമാക്കിയാകും കോടതി തീരുമാനിക്കുക.
ശിക്ഷാ നടപടിയിലൂടെ കുറ്റവാളിക്ക് മാനസാന്തരമുണ്ടാകണം, ഉത്തമ പൗരനായി ആ വ്യക്തി സമൂഹത്തിലേക്ക് തിരിച്ചുവരണം എന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ആത്യന്തിക ലക്ഷ്യം, അതുകൊണ്ട് തന്നെ ലഭിക്കുന്ന ശിക്ഷയ്ക്ക് കുറ്റവാളി 100 ശതമാനം അർഹനാണ് എന്നുറപ്പുവരുത്തേണ്ടത് സുപ്രധാനമാണ്. സുപ്രീംകോടതി നേരത്തെ പല കേസുകളിലും മിറ്റിഗേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഹൈക്കോടതികൾ അത്തരം നടപടികളിലേക്ക് കടന്നിരുന്നില്ല. ചരിത്രപരമായ തീരുമാനത്തിലൂടെ കേരള ഹൈക്കോടതി അതിന് തുടക്കമിട്ടിരിക്കുന്നു.

