കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 570 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ

മലപ്പുറം: കസ്റ്റംസിനെ വെട്ടിച്ച് ദോഹയിൽനിന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. താമരശ്ശേരി സ്വദേശി നിഷാദ് (30) ആണ് 570 ഗ്രാം സ്വർണവുമായി പിടിയിലായത്. സ്വർണം മിശ്രിത രൂപത്തിൽ പാക്ക് ചെയ്ത് രണ്ടു ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 2023 മെയ് 20 ശനിയാഴ്ച രാത്രി 8.15ന് ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് നിഷാദ് കരിപ്പൂരിലെത്തിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്കു ശേഷം രാത്രി 9ന് പുറത്തിറങ്ങിയ നിഷാദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും സ്വർണം എവിടെയാണെന്ന് പറയാൻ യുവാവ് തയാറായില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തി വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് നിഷാദിന്റെ വയറ്റിൽ രണ്ട് ക്യാപ്സൂളുകൾ കാണാനായത്.

ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന 18-ാമത്തെ സ്വർണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് പൊലീസ് കസ്റ്റംസിന് കൈമാറും…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →