കൊച്ചി : തമിഴ്നാട്ടിൽനിന്നു കരിങ്കൽ ലോറിയിൽ കടത്തിയ എംഡിഎംഎയുമായി രണ്ടുപേർ കൊച്ചിയിൽ അറസ്റ്റിൽ. സംസ്ഥാനത്തെ ലഹരിവിതരണ ശൃംഖലയിലെ പ്രധാനിയായ മണ്ണഞ്ചേരി സ്വദേശി ഷെഫീക്ക്, ലോറിയുടെ ഡ്രൈവർ അമ്പലപ്പുഴ സ്വദേശി ഹാഷിക് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 280ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 2023 മെയ് 21 ഞായറാഴ്ചയാണ് സംഭവം . പൊള്ളാച്ചിയിൽനിന്ന് ആലപ്പുഴയിലേക്ക് കരിങ്കലുമായി എത്തിയ ലോറിയിലായിരുന്നു എംഡിഎംഎ കടത്ത്. രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ പത്തടിപ്പാലത്തുവച്ച് ലോറി തടഞ്ഞാണ് ഇവരെ പിടികൂടിയത്.
ബെംഗളൂരുവിൽനിന്നു ശേഖരിക്കുന്ന ലഹരിമരുന്ന് വിവിധ ചരക്കുലോറികളിലായി സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിലെത്തിക്കും. കൊച്ചി, ആലപ്പുഴ ജില്ലകളിൽ ചില്ലറ വിൽപനയായിരുന്നു ഇവരുടെ ലക്ഷ്യം. ഡിസിപി എസ്.ശശിധരൻറെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്ക്വാഡിൻറെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെഫീക്കിനെ കുടുക്കിയത്. ലഹരികടത്തുമായി ബന്ധപ്പെട്ട ഷെഫീക്കിനും ഡ്രൈവർ ഹാഷിക്കിനുമെതിരെ വിവിധ ജില്ലകളിൽ കേസുകളുണ്ട്. ലോറിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലോറിയുടമയ്ക്ക് ഇതിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

