ബെംഗളൂരു : കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും 2023 മെയ് 20ന് ചുമതലയേൽക്കും. ഒപ്പം 25 മന്ത്രിമാരും ചുമതലയേൽക്കും.ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് .ഒന്നര ലക്ഷം പേരെയാണ് ചടങ്ങിന് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്
ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ വമ്പൻ വേദിയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ തൻവീർ ചന്ദ് ഗലോട്ട് കർണാടകയുടെ 24ാമത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സോണിയാഗാന്ധി, രാഹുൽ ഗാന്ധി പ്രിയങ്കാഗാന്ധി തുടങ്ങി കോൺഗ്രസിന്റെ ഏതാണ്ട് മുഴുവൻ നേതാക്കൻമാരും ബെംഗളുരുവിലെത്തും. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണു സത്യപ്രതിജ്ഞയോട് അനുബന്ധിച്ചു ബെംഗളുരുവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം രംഗത്തെത്തി. സങ്കുചിതമായ നിലപാടെന്ന് പ്രകാശ് കാരാട്ടും അപക്വമായ തീരുമാനമെന്ന് എൽഡിഎഫ് കൺവീനറും കുറ്റപ്പെടുത്തി. സിപിഐഎം ജനറൽ സെക്രട്ടറിക്ക് ക്ഷണമുണ്ടല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ പ്രതികരണം