തൃശൂർ: പ്രശസ്ത സിനിമാനിർമാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു. കണ്ണാറ മണ്ടൻചിറയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം വീട്ടിൽ കഴിയുകയായിരുന്നു. ഷിർദ്ദിസായി ക്രിയേഷൻസ് എന്ന ബാനറിലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പിറന്നത്. ചിത്രം, അമൃതംഗമയ, കിഴക്കുണരും പക്ഷി,വന്ദനം, അഹം, ഊമ പെണ്ണിന് ഉരിയാടാ പയ്യൻ, എന്നിവയാണ് പികെആർപി പിള്ള നിർമിച്ച പ്രധാന ചിത്രങ്ങൾ.
1984ലാണ് അദ്ദേഹം ആദ്യ ചിത്രം നിർമിക്കുന്നത്. വെപ്രാളം എന്നായിരുന്നു ചിത്രത്തിന്റെ പേര്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഹിറ്റ് ചിത്രമായ പ്രിയദർശൻ സിനിമ ചിത്രം പി.കെ.ആർ പിള്ളയുടെ സിനിമാ ജീവിതത്തിലേയും മലയാള സിനിമാ മേഖലയുടെ വളർച്ചയുടേയും നാഴികക്കല്ലായി. 26 ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ഇതിൽ 16 ചിത്രങ്ങൾ നിർമ്മിക്കുകയും 10 ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ പി കെ ആർ പിള്ള ബിസിനസ് ആവശ്യങ്ങൾക്കായി മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു. മുംബൈ മുൻസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുൾപ്പെടെ അടുത്ത ബന്ധമാണ് അദ്ദേഹം പുലർത്തിയിരുന്നത്.
12 വർഷം മുൻപ് ബിസിനസ് തകർന്നതോടെ അദ്ദേഹം തൃശൂരിൽ താമസമാക്കി. ബോക്‌സ്ഓഫിസിൽ അക്കാലത്ത് ഏറ്റവും കൂടുതൽ ഓടിയ ചിത്രമെന്ന് പേരുകേട്ട ചിത്രം സിനിമയുടെ നിർമാതാവ് വാർധക്യത്തിലേക്ക് കടന്നതോടെ ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ കഷ്ടപ്പെടുകയാണെന്ന് കുറച്ചുകാലം മുമ്പ് വാർത്തകൾ വന്നിരുന്നു. നടനും സംവിധായകനുമായ മധുപാൽ ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിലൂടെ പി.കെ.ആർ പിള്ളയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.

