ഇമ്രാനെ തൂക്കിലേറ്റണം: പാക് പ്രതിപക്ഷനേതാവ്

ഇസ്ലാമാബാദ്: തെഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ പരസ്യമായി കഴുമരത്തിലേറ്റണമെന്ന് പാകിസ്താന്‍ പ്രതിപക്ഷനേതാവ്. ഭൂമിക്കേസില്‍ ഇമ്രാനു ജാമ്യം അനുവദിച്ച സുപ്രീം കോടതിക്കെതിരേയും അതിരൂക്ഷ വിമര്‍ശനം. ഭരണപക്ഷത്തിന്റെ നേതൃത്വത്തില്‍ സൂപ്രീം കോടതിക്കുമുന്നില്‍ പ്രതിഷേധസമരം. ഇമ്രാന്റെ മോചന വിഷയത്തില്‍ സുപ്രീം കോടതിക്കെതിരേ ദേശീയ അസംബ്ലി പ്രമേയവും പാസാക്കി.

ദേശീയ അസംബ്ലിയിലെ പ്രതിപക്ഷനേതാവ് രാജാ റിയാസ് അഹമ്മദ് ഖാനാണ് ഇമ്രാനും കോടതിക്കുമെതിരേ ആഞ്ഞടിച്ചത്. ഇമ്രാനെ പൊതുജനമധ്യത്തില്‍ തൂക്കിക്കൊല്ലണം. പക്ഷേ, മരുമകനോടെന്നവണ്ണമാണ് കോടതികള്‍ ഇമ്രാനോട് അനുഭാവം പുലര്‍ത്തുന്നത്. ഈ ജൂത ഏജന്റിനോട് അത്ര താല്‍പര്യമാണെങ്കില്‍ ജഡ്ജിമാര്‍ പാകിസ്താന്‍ തെഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതാണ് ഉചിതം. പാര്‍ട്ടിയില്‍ അവര്‍ക്കായി ചില തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുമുണ്ട്. ഭാവിയില്‍ പി.ടി.ഐ. ടിക്കറ്റില്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വേണം. ഇവരുടെ സ്ഥാനത്ത് പാവങ്ങള്‍ക്കു നീതി ഉറപ്പാക്കുന്ന ജഡ്ജിമാരെ നിയമിക്കണമെന്നും റിയാസ് അഹമ്മദ് ഖാന്‍ പറഞ്ഞു.

ഇമ്രാനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അനുയായികള്‍ നടത്തിയ അഴിഞ്ഞാട്ടം രാജ്യത്തെ അപമാനിക്കുന്നതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇമ്രാന്‍ ഖാന് നിയമപരിരക്ഷ ഉറപ്പാക്കുംവിധം സമീപകാലത്തു പുറത്തുവന്ന കോടതിവിധികളില്‍ പ്രതിഷേധിച്ച് ഭരണപക്ഷത്തിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിക്കു മുന്നില്‍ പ്രതിഷേധവും അരങ്ങേറി. പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍), ജാമിയത് ഉലമ-ഇ-ഇസ്ലാം ഫസ്ല്‍ (ജെ.യു.ഐ-എഫ്), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിരോധിതമേഖലയില്‍ പ്രവേശിച്ചായിരുന്നു മൂന്നു പാര്‍ട്ടിക്കാരുടെയും പ്രതിഷേധം. സുപ്രീം കോടതിക്കു മുന്നിലായിരുന്നു പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പി.ഡി.എം) പ്രവര്‍ത്തകരുടെ സമരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →