ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിനു പിന്നാലെ, സംസ്ഥാനത്ത് ബജ്‌രംഗ് ദളിനെ നിരോധിക്കുമോ എന്ന ചോദ്യം ചര്‍ച്ചയാകുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ യുവജനസംഘടനയായ ബജ്‌രംഗ് ദള്‍ വെറുപ്പിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയമാണ് പടര്‍ത്തുന്നതെന്നും അവര്‍ക്കു ഭഗവാന്‍ ഹനുമാനുമായി (ബജ്‌രംഗ് ബലി) യാതൊരു ബന്ധവുമില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേഷ് പറഞ്ഞു.
സമൂഹത്തില്‍ ശത്രുതയും വെറുപ്പം വിതയ്ക്കുന്ന ബജ്‌രംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്നു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ബജ്‌രംഗ് ദള്‍ എന്ന വാക്കിനെ ബജ്‌രംഗ് ബലി (ഹനുമാന്‍)യുമായി ബന്ധപ്പെടുത്തി ബി.ജെ.പി. ഇതു പ്രചാരണവിഷയമാക്കി. ”ഭഗവാന്‍ ഹനുമാനെ തടവിലാക്കുമെന്നു കോണ്‍ഗ്രസ് മാനിഫെസ്‌റ്റോ പറയുന്നു. നേരത്തെ അവര്‍ ശ്രീരാമനെ തടവിലാക്കി. ഇപ്പോള്‍ ജനങ്ങളെ ഒന്നാകെ തടവിലാക്കാന്‍ ആഗ്രഹിക്കുന്നു.” -തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു.
നേരത്തെ ഗോവയിലെ ബി.ജെ.പി. സര്‍ക്കാര്‍ ശ്രീരാം സേനയെ നിരോധിച്ചതു ചൂണ്ടിക്കാട്ടിയാണ് ജയ്‌റാം രമേഷ് ഇതിനു മറുപടി നല്‍കുന്നത്. ”ഗോവയില്‍ ആരാണു ശ്രീരാം സേനയെ നിരോധിച്ചത്. 2014 ഓഗസ്റ്റ് 20 ന് ആരായിരുന്നു മുഖ്യമന്ത്രി ? മനോഹര്‍ പരീക്കര്‍. ആരായിരുന്നു പ്രധാനമന്ത്രി? നരേന്ദ്ര മോദി. ശ്രീരാം സേനയെ നിരോധിച്ചതിന്റെ പേരില്‍ ശ്രീരാമനെ അവഹേളിച്ചതായി അദ്ദേഹം പറയുമോ?”-ജയ്‌റാം രമേഷ് ചോദിച്ചു. പ്രമോദ് മുത്തലിക്ക് സ്ഥാപിച്ച സംഘടനയാണ് ശ്രീരാം സേന.

